പി.സി. ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നു

പത്തനംതിട്ട: പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളക്കൊപ്പം പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ എത്തിയാണ് പി സി ജോര്‍ജ് എന്‍ഡിഎ പ്രവേശനം പ്രഖ്യാപിച്ചത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നത്തിലും നല്ല ഇടപടലുകള്‍ എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ എന്‍ഡിഎക്ക് കഴിയുമെന്നും പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വന്‍ വിജയം നേടുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. കെ സുരേന്ദ്രന്‍ 75,000 വോട്ടിന് വിജയിക്കുമെന്നാണ് പി സി ജോര്‍ജ് അവകാശപ്പെട്ടത്. പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ എന്‍ഡിഎ ജയിക്കുമെന്നും പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ദേശീയ സെക്രട്ടറി സത്യകുമാര്‍, സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള തുടങ്ങിയവും ചടങ്ങില്‍ പങ്കെടുത്തു.

നേരത്തെ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപിയെ പിന്തുണച്ച് പി സി ജോര്‍ജ് രംഗത്തുവന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന നിലപാടിന് പിന്തുണ അറിയിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം കറുത്ത വസ്ത്രം ധരിച്ച് നിയമസഭയിലെത്തിയ പി സിയുടെ ചിത്രം വലിയ വാര്‍ത്തയാവുകയും ചെയ്തു. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് നേരത്തെ പിസി ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7