മൂന്നുവയസുകാരിക്ക് പാല്‍ക്കുപ്പിയില്‍ മദ്യം നല്‍കുന്ന അച്ഛന്‍..!!

കുട്ടികള്‍ക്കെതിരായ ക്രൂരതയുടെ വാര്‍ത്തകളില്‍നിന്ന് കേരള ജനത ഇനിയും മുക്തരായിട്ടില്ല.
തൊടുപുഴയിലെ ഏഴുവയസ്സുകാരന്‍ സഹിച്ച ക്രൂരതയുടെ കഥകള്‍ ഓരോ ദിവസവും ഈറനണിയിക്കുന്നതായിരുന്നു. ഇപ്പോഴിതാ ക്രൂരമായ മറ്റൊരു സംഭവം വാര്‍ത്തകളില്‍ നിറയുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തയില്‍ ഇര മൂന്നുവയസ്സുകാരിയാണ്. മദ്യപാനിയായ അച്ഛനാണ് ഈ സംഭവത്തിലെ വില്ലന്‍. ഡല്‍ഹി കമ്മീഷന്‍ ഫോര്‍ വിമണി (ഡിസിഡബ്ല്യു) ന്റെ ഇടപെടലോടെയാണ് ഡല്‍ഹിയിലെ പ്രേം നഗറില്‍ നടന്ന ക്രൂരതയുടെ വാര്‍ത്ത പുറംലോകമറിഞ്ഞത്.

ദിവസങ്ങളായി മൂന്നു വയസ്സുകാരി പട്ടിണിയാണ് എന്ന് അയല്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ അധികൃതര്‍ക്ക് കാണേണ്ടി വന്നത് ഉള്ളുപൊള്ളിക്കുന്ന കാഴ്ചകളാണ്. മദ്യപിച്ച് ലക്കുകെട്ട അച്ഛനു സമീപം മലവിസര്‍ജ്ജ്യത്തില്‍ കുളിച്ച് മൃതപ്രായയായി ആ മൂന്നുവയസ്സുകാരി കിടക്കുന്നുണ്ടായിരുന്നു.

മദ്യപിച്ചു ലെക്കുകെട്ട മനുഷ്യനെ വിളിച്ചുളര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ഉദ്യോഗസ്ഥരെ ആക്രമിക്കാനൊരുങ്ങി. ഡല്‍ഹി കമ്മീഷന്‍ ഫോര്‍ വിമന്‍ അംഗങ്ങളുടെ ടീം അപ്പോള്‍ത്തന്നെ പൊലീസിനെ വിളിക്കുകയും അച്ഛനെയും മകളെയും പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. സംഭവത്തില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തെക്കുറിച്ച് ഡിസിഡബ്ല്യു ടീമിനെ അറിയിച്ച അയല്‍ക്കാര്‍ പറയുന്നതിങ്ങനെ:

‘കുഞ്ഞ് മണിക്കൂറുകളോളം വിശന്നു കരഞ്ഞിട്ടും റിക്ഷാ ഡ്രൈവറായ അയാള്‍ ഉണരാനോ കുഞ്ഞിന് ആഹാരം നല്‍കാനോ തയാറായില്ല. ഒഴിഞ്ഞ മദ്യക്കുപ്പികള്‍ക്കിടയില്‍ അപ്പോഴും സുഖനിദ്രയിലായിരുന്നു അയാള്‍. ഒരു വര്‍ഷം മുന്‍പാണ് അയാളുടെ ഭാര്യ മരിച്ചത്. അതില്‍ പിന്നെ മുഴുവന്‍ സമയവും കുടിച്ച് ബോധം മറഞ്ഞാണ് അയാളുടെ നടപ്പ്. ജോലിക്കു പോകുമ്പോഴും മറ്റ് ആവശ്യങ്ങള്‍ക്കു വേണ്ടി പുറത്തു പോകേണ്ടി വരുമ്പോഴുമെല്ലാം മകളെ വീട്ടില്‍ തനിച്ചാക്കുന്നത് അയാളുടെ ശീലമായിരുന്നു.’

അയല്‍ക്കാര്‍ സഹായിക്കാന്‍ തയാറായിരുന്നെങ്കിലും അയാള്‍ അതെല്ലാം നിഷേധിക്കുകയും അവരില്‍ നിന്നെല്ലാം അകലം പാലിക്കുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ പാല്‍ക്കുപ്പിയില്‍ അയാള്‍ പലപ്പോഴും മദ്യം നിറച്ചു നല്‍കുകയും അതു കുടിക്കാന്‍ അവളെ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു.

ഡിസിഡബ്ല്യൂ ടീം കുഞ്ഞിനെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദിവസങ്ങളോളം മാലിന്യത്തില്‍ കിടന്നതുകൊണ്ട് കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഇന്‍ഫെക്ഷന്‍ ബാധിച്ചിട്ടുണ്ടെന്നാണ് കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. അസുഖം ഭേദമായി ആശുപത്രിയില്‍ നിന്നിറങ്ങുന്ന കുഞ്ഞിനെ സുരക്ഷാകേന്ദ്രത്തുലേക്കു മാറ്റാനാണ് അധികൃതരുടെ തീരുമാനം.

ഈ സംഭവം ഡിസിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്തുകൊണ്ടാണ് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്നും കുഞ്ഞിന്റെ അച്ഛനെ അറസ്റ്റ് ചെയ്യാന്‍ തയാറാവാത്തതെന്നും ഡിസിഡബ്ലുയിലെ കിരന്‍ നേഗിയും വന്ദന സിങ്ങും ചോദിക്കുന്നു. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ ഡിസിഡബ്ല്യു ചെയര്‍ പേഴ്‌സണ്‍ സ്വാതി മലിവാള്‍ കുട്ടിയുടെ അച്ഛനെതിരെ എത്രയും വേഗംതന്നെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

കുഞ്ഞിനെക്കുറിച്ചുള്ള വിവരം ഡിസിഡബ്ല്യൂവിനെ അറിയിക്കാന്‍ മനസ്സുകാട്ടിയ വ്യക്തിയെ അഭിനന്ദിക്കുന്നുവെന്നും അമ്മയുടെ മരണവും അച്ഛന്റെ കരുതലില്ലായ്മയും മൂലം ഏറെ ദുരിതമനുഭവിച്ച കുഞ്ഞിനെ ഏറ്റെടുത്ത് ചികില്‍സ നല്‍കാന്‍ കഴിഞ്ഞത് വിമന്‍ ഹെല്‍പ്പ് ലൈനിലേയ്ക്കു വന്ന ആ ഫോണ്‍കോള്‍ മൂലമാണെന്നും സ്വാതി മലിവാള്‍ പറയുന്നു.

കുഞ്ഞിന് സ്വന്തം അച്ഛന്‍ തന്നെ മദ്യം നല്‍കിയെന്ന വാര്‍ത്തയും അവളുടെ ശരീരത്തു കണ്ട് പാടുകളും തന്നെ അസ്വസ്ഥയാക്കിയെന്നും അവര്‍ പറയുന്നു. മദ്യപാനശീലം വളരെ വലിയൊരു വിപത്താണെന്നും കുഞ്ഞിന്റെ അച്ഛനെതിരെ പൊലീസ് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular