ഒരു മണ്ഡലത്തിലെ അഞ്ച് ബൂത്തുകളില്‍ വിവിപാറ്റ് എണ്ണണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തുകളില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നു സുപ്രീം കോടതി. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ആദരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല വോട്ടര്‍മാര്‍ക്കും സംതൃപ്തി ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണ്ണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

രസീതുകള്‍ എണ്ണിതീരാന്‍ കുറഞ്ഞത് ആറുദിവസമെങ്കിലും എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കടുത്ത നിലപാടിലാണ് പ്രതിപക്ഷം. കാത്തിരിക്കാന്‍ തയാറാണെന്ന് പ്രതിപക്ഷം കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പിക്കാന്‍ 50 ശതമാനം രസീതുകള്‍ എണ്ണെണം.

ഇരട്ടി ഉദ്യോഗസ്ഥരെ നിയോഗിച്ചാല്‍ രണ്ടര ദിവസം കൊണ്ട് എണ്ണിതീര്‍ക്കാവുന്നതേയുളളു എന്നും പ്രതിപക്ഷം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. എന്‍.ചന്ദ്രബാബു നായിഡു, അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങി പ്രതിപക്ഷത്തെ 21 നേതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ (ഇവിഎം) വിവിപാറ്റ് യന്ത്രം ഘടിപ്പിക്കുന്നതോടെ ഓരോ വോട്ടര്‍ക്കും ആര്‍ക്കാണു വോട്ട് ചെയ്തതെന്നു കൂടുതല്‍ വ്യക്തമാകും. വോട്ടെണ്ണല്‍ സമയത്ത് ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു പോളിങ്ങ് ബൂത്തിലെ വിവിപാറ്റ് രസീതുകളും പോള്‍ ചെയ്യപ്പെട്ട വോട്ടുകളും സാംപിള്‍ എന്ന തരത്തില്‍ ഒത്തുനോക്കാനാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.

വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയില്‍ (വിവിപാറ്റ്) സംവിധാനം പ്രവര്‍ത്തിക്കുന്നതെങ്ങിനെയെന്ന് നോക്കാം…

വോട്ടിങ് കംപാര്‍ട്‌മെന്റിനുള്ളില്‍ കയറുന്ന വോട്ടറിനു മുന്നില്‍ ഇത്തവണ 2 യന്ത്രങ്ങളുണ്ടാവും; ബാലറ്റ് യൂണിറ്റും വിവിപാറ്റ് യന്ത്രവും. ബാലറ്റ് യൂണിറ്റില്‍ പച്ച നിറത്തില്‍ ലൈറ്റ് തെളിഞ്ഞാല്‍ വോട്ടര്‍ക്കു സ്വന്തം സ്ഥാനര്‍ഥിക്കോ നോട്ടയ്‌ക്കോ വോട്ട് ചെയാം. അതിനു നേരെയുള്ള ബട്ടണ്‍ അമര്‍ത്തുന്നയുടന്‍ ആ നിരയില്‍ ചുവപ്പ് നിറത്തിലുള്ള ലൈറ്റ് തെളിയും.

തുടര്‍ന്ന് വിവിപാറ്റ് യന്ത്രത്തിനുള്ളില്‍ ഒരു രസീത് വരും. ആ രസീതില്‍ വോട്ടര്‍ ആര്‍ക്കു വോട്ട് നല്‍കിയോ, ആ സ്ഥാനാര്‍ഥിയുടെ പേര്, ക്രമനമ്പര്‍, ചിഹ്നം എന്നിവയുണ്ടാകും. 7 സെക്കന്റ് വരെ ആ രസീത് കാണാം. തുടര്‍ന്ന് വിവിപാറ്റ് യന്ത്രത്തിനുള്ളിലെ പെട്ടിയിലേക്ക് അത് വീഴും. ആ രസീത് വോട്ടറിനു കൈവശം ലഭിക്കില്ല. അതിനു ശേഷം 5 സെക്കന്റ് പൂര്‍ത്തിയാവുമ്പോള്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫിസറിന്റെ പക്കലുള്ള കണ്‍ട്രോള്‍ യൂണിറ്റില്‍ ബീപ് ശബ്ദം കേള്‍ക്കും. അതിനു ശേഷമേ വോട്ടര്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ.

വോട്ട് ചെയ്ത സ്ഥാനര്‍ഥിയുടെ പേരല്ല വിവിപാറ്റ് രസീതില്‍ കണ്ടതെന്നു പരാതിയുണ്ടെങ്കില്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫിസറിനെ വിവരം അറിയിക്കാം. തുടര്‍ന്നു അദ്ദേഹം പരാതി ശരിയല്ലെങ്കിലുള്ള ശിക്ഷയെ കുറിച്ചു വോട്ടര്‍ക്കു പറഞ്ഞു കൊടുക്കും. പരാതിയുമായി മുന്നോട്ട് പോകൊമെന്നാണെങ്കില്‍ വീണ്ടും വോട്ട് ചെയ്യാന്‍ അവസരം നല്‍കുകയും. ഇത്തവണ വോട്ട് ചെയ്യുമ്പോള്‍ പ്രിസൈഡിങ് ഓഫിസറും പോളിങ് എജന്റുമാരും സാക്ഷികളാകും.

വോട്ട് ചെയ്തത് ആര്‍ക്കാണോ അതെയാളുടെ പേരില്‍ ഉള്ള രസീതാണു വിവിപാറ്റില്‍ കാണിക്കുന്നതെങ്കില്‍, പരാതി തെറ്റാണെന്നു വരും. തെറ്റായ പരാതി നല്‍കുന്നവര്‍ക്ക് 6 മാസം തടവും 1000 രൂപ പിഴയുമാണു ശിക്ഷ. എന്നാല്‍, തെറ്റായ സ്ഥാനാര്‍ഥിയുടെ പേരാണു രസീതില്‍ വരുന്നതെങ്കില്‍, പരാതി ശരിയാണെന്നു വരും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7