സര്‍വേ നടത്തിയവര്‍ പാലക്കാട്ടേക്ക് ഒന്നൂടെ വന്നു നോക്കണം; രണ്ട് മാസം മുന്‍പുള്ള അവസ്ഥയല്ല ഇപ്പോള്‍; ഓരോ ദിവസവും ശ്രീകണ്ഠന്റെ മുന്നേറ്റം…

പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം എന്ന രീതിയില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് ഫെബ്രുവരി മാസത്തില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയത്. ഇവിടെ യുഡിഎഫ് എല്‍ഡിഎഫ് മുന്നണികള്‍ തമ്മില്‍ 20 ശതമാനത്തോളം വോട്ടിംഗ് വ്യത്യാസമാണ് രേഖപ്പെടുത്തിയിരുന്നത്.

എന്നാല്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ് ഡിസിസി അധ്യക്ഷന്‍ വി കെ ശ്രീകണ്ഠന്‍ ഇവിടെ സ്ഥാനാര്‍ഥിയായി വന്നതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞിരിക്കുകയാണ്. ഇക്കാര്യം ശ്രദ്ധിക്കാതെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുമ്പുള്ള സര്‍വേ റിപ്പോര്‍ട്ട് ഒരു ചാനല്‍ പുറത്തുവിട്ടത്.
25 ദിവസങ്ങള്‍ കൊണ്ട് 400 കിലോമീറ്ററുകളോളം കാല്‍നടയായി നടത്തിയ പദയാത്രയിലൂടെ ജില്ലയില്‍ പാര്‍ട്ടിയെ ഇളക്കിമറിച്ചുകൊണ്ടായിരുന്നു സ്ഥാനാര്‍ഥിത്വത്തിലേക്കുള്ള ശ്രീകണ്ഠന്റെ കടന്നുവരവ്. ഇതോടെ സിറ്റിംഗ് എംപി ആയിരുന്ന എം ബി രാജേഷിന്റെ മുന്നേറ്റത്തില്‍ വലിയ തോതിലുള്ള ഇടിവുണ്ടായി.

ഓരോ ദിവസവും ശ്രീകണ്ഠന്‍ മുന്നേറുന്നതായാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. അതിനിടയില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം കൂടി ആയതോടെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് ചിത്രം ആകെ മാറിമറിയുകയാണ്. മുമ്പ് കോട്ടയത്ത് നിന്നോ കണ്ണൂരില്‍ നിന്നോ കോഴിക്കോട് നിന്നോ ഉള്ളവരായിരുന്നു പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍.

ഇത്തവണയും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് ഉള്‍പ്പെടെ ഉള്ളവരായിരുന്നു പരിഗണനയില്‍. പക്ഷേ, മണ്ഡലത്തില്‍ തന്നെയുള്ള നേതാവ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി വന്നതോടെ യുഡിഎഫ് ക്യാമ്പുകള്‍ ആവേശത്തിലായി. നിലവില്‍ പാലക്കാട് ഒപ്പത്തിനൊപ്പം എന്നതാണ് പാലക്കാട്ടെ സ്ഥിതി എന്നാണ് വിലയിരുത്തല്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും അതോടുള്ള ജനങ്ങളുടെ ആവേശകരമായ പ്രതികരണവും സൃഷ്ടിച്ച അലയടികള്‍ ഏറ്റവും ഗുണകരമായി ബാധിക്കുക പാലക്കാട്ടായിരിക്കും.

മറ്റ് സമീപ മണ്ഡലങ്ങളൊക്കെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ സാഹചര്യത്തില്‍ രാഹുല്‍ ഇഫക്റ്റ് സിപിഎം കോട്ടകളെയായിരിക്കും ഇളക്കിമറിക്കുക. മണ്ഡലത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറെ ആവേശത്തോടെ രംഗത്തിറങ്ങിയെന്നതും ശ്രീകണ്ഠന് ഗുണം ചെയ്യും.

Similar Articles

Comments

Advertismentspot_img

Most Popular