വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആദ്യ ജയം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊല്‍ക്കത്തയ്‌ക്കെതിരേ ഇറങ്ങുന്നത്. ആദ്യ നാല് കളികളും തോറ്റ ബാംഗ്ലൂരിന്റെ എതിരാളികള്‍ ദിനേശ് കാര്‍ത്തിക് നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ്. ഐപിഎല്‍ 12-ാം എഡിഷനില്‍ മോശം ഫോമിലാണെങ്കിലും കോലിപ്പടയെ അത്ര നിസാരമായി കാണുന്നില്ലെന്ന് കൊല്‍ക്കത്ത സ്പിന്നര്‍ പീയുഷ് ചൗള പറഞ്ഞു.
കഴിഞ്ഞ നാല് മത്സരങ്ങളിലും ആര്‍സിബി എങ്ങനെയാണ് കളിച്ചതെന്ന് നമുക്കറിയാം. അവര്‍ വീണുപോയെന്നും പുറത്തായെന്നും കരുതാനാവില്ല. വിരാട് കോലിയെയും എബിഡിയെയും പോലുള്ള പ്രതിഭാശാലികളായ താരങ്ങള്‍ അവര്‍ക്കുണ്ട്. കഴിഞ്ഞ മത്സരത്തില്‍ പാര്‍ത്ഥീവ് പട്ടേല്‍ പോലും ഫോമിലെത്തി. അവര്‍ ശക്തരായി തിരിച്ചെത്തും. അതിനാല്‍ ബാംഗ്ലൂരിനെ വിലകുറച്ച് കാണാനില്ലെന്നും കടുത്ത മത്സരം കളിക്കാനാണ് തങ്ങള്‍ തയ്യാറെടുക്കുന്നതെന്നും ചൗള മത്സരത്തിന് മുന്‍പ് പറഞ്ഞു.
രാത്രി എട്ടിന് ബെംഗളൂരുവിലാണ് റോയല്‍ ചലഞ്ചേഴ്സ്- നൈറ്റ് റൈഡേഴ്സ് മത്സരം. കടലാസിലെ കരുത്ത് കളത്തില്‍ പുറത്തെടുക്കാനാവാത്തതാണ് ബാംഗ്ലൂരിനെ അലട്ടുന്നത്. വിരാട് കോലിയും എ ബി ഡിവിലിയേഴ്‌സും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. ഭേദപ്പെട്ട പ്രകടനം നടത്താനായത് പാര്‍ഥിവ് പട്ടേലിന് മാത്രം. ബൗളിംഗ് മികവ് യുസ്‌വേന്ദ്ര ചാഹലില്‍ അവസാനിക്കുന്നു. എന്നാല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ശക്തമായ തിരിച്ചുവരവാണ് സ്വന്തം തട്ടകത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.