രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

കല്‍പറ്റ: കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വയനാട് കലക്ടറേറ്റില്‍ സഹോദരി പ്രിയങ്കയ്‌ക്കൊപ്പമെത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്. കല്‍പറ്റയിലെ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടിലെത്തിയ രാഹുല്‍ തുറന്ന വാഹനത്തിലാണ് കലക്ടറേറ്റിലെത്തിയത്. നാലു സെറ്റ് നാമനിര്‍ദേശപത്രിക, സത്യവാങ്മൂലം തുടങ്ങിയ രേഖകളെല്ലാം തന്നെ രാഹുല്‍ വരാണാധികാരിയായ കലക്ടര്‍ക്കു മുന്നില്‍ സമര്‍പ്പിച്ചു. മലപ്പുറം, വയനാട് ഡിസിസി പ്രസിഡന്റുമാര്‍, ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ യുഡിഎഫ് നേതാക്കള്‍ കല്‍പറ്റയിലെത്തിയ അദ്ദേഹത്തെ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വീകരിച്ചു. 11.06 ഓടെയാണ് രാഹുല്‍, പ്രിയങ്കയ്‌ക്കൊപ്പം എത്തിയത്. നാലു പേര്‍ക്കു മാത്രമേ രാഹുലിനൊപ്പം കലക്ടറേറ്റില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ.
രാവിലെ 10.45 ഓടെയാണ് കോഴിക്കോട്ടുനിന്ന് രാഹുല്‍ വയനാട്ടിലേക്കു പുറപ്പെട്ടത്. 11.06 ഓടെ ഇരുവരെയും വഹിച്ചെത്തിയ ഹെലിക്കോപ്റ്റര്‍ വയനാട്ടിലെത്തി. രാഹുലിനെ സ്വീകരിക്കാന്‍ ഒട്ടേറെ പ്രവര്‍ത്തകരാണ് ഇവിടെ എത്തിയിരുന്നത്. റോഡിന്റെ ഇരുവശത്തും ബാരിക്കേഡുകള്‍ കെട്ടി ജനങ്ങളെ നിയന്ത്രിച്ചിരിക്കുകയാണ്. എന്നിരുന്നാലും റോഡില്‍ നിറഞ്ഞ് പ്രവര്‍ത്തകര്‍ നില്‍ക്കുകയാണ്.

തുറന്ന വാഹനത്തിലാണ് രാഹുല്‍ കലക്ടറേറ്റിലേക്ക് നീങ്ങിയത്. വൈത്തിരി വെടിവയ്പിനു തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയിലാണ് മേഖല. എസ്പിജി നിയന്ത്രണത്തിലാണ് കല്‍പറ്റ. കോഴിക്കോട്, വയനാട് ജില്ലകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്‌നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിനുശേഷമായിരിക്കും രാഹുലും പ്രിയങ്കയും റോഡ്‌ഷോ നടത്തുക. കലക്ടറേറ്റ് മുതല്‍ കല്‍പറ്റ ടൗണ്‍ വരെയാണിത്. അതേസമയം, സുരക്ഷാ നിയന്ത്രണത്തിന്റെ ഭാഗമായി രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ താമരശേരി ചുരത്തില്‍ ചരക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തി.

രാഹുല്‍ എത്തുന്നതിനു മുന്നോടിയായി പ്രത്യേക ഹെലികോപ്ടറില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടിയും കെ.സി. വേണുഗോപാലും ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും കല്‍പ്പറ്റയിലെത്തി നേതാക്കളുമായി റോഡ് ഷോ സംബന്ധിച്ച് ചര്‍ച്ച നടത്തി .

Similar Articles

Comments

Advertismentspot_img

Most Popular