ന്യൂഡല്‍ഹി: 2000 കോടി രൂപയിലേറെ വായ്പയെടുത്ത സ്ഥാപനങ്ങള്‍ തിരിച്ചടവില്‍ ഒരുദിവസത്തെ വീഴ്ചവരുത്തിയാല്‍പോലും അവയെ പാപ്പരായി പ്രഖ്യാപിക്കാന്‍ ബാങ്കുകളോട് നിര്‍ദേശിക്കുന്ന റിസര്‍വ് ബാങ്കിന്റെ (ആര്‍.ബി.ഐ.) സര്‍ക്കുലര്‍ സുപ്രീംകോടതി റദ്ദാക്കി. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 12-നാണ് ആര്‍.ബി.ഐ. സര്‍ക്കുലര്‍ ഇറക്കിയത്.
ബാങ്കിങ് റെഗുലേഷന്‍ നിയമപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം സര്‍ക്കുലര്‍ ഇറക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഊര്‍ജമേഖലയിലേതുള്‍പ്പെടെ ഒട്ടേറെ കമ്പനികള്‍ക്ക് ആശ്വാസമേകുന്നതാണ് സുപ്രീംകോടതിയുടെ നടപടി. എന്നാല്‍, ഇത് ബാങ്കുകള്‍ക്ക് ‘വലിയ തിരിച്ചടി’യാണെന്നും വിലയിരുത്തലുണ്ട്.
വായ്പ തിരിച്ചടയ്ക്കുന്നതില്‍ ഏതെങ്കിലും കമ്പനി ഒരു ദിവസമെങ്കിലും വീഴ്ചവരുത്തിയിട്ടുണ്ടെങ്കില്‍ അതു കിട്ടാക്കടമായി കണക്കാക്കണമെന്ന് ആര്‍.ബി.ഐ.യുടെ സര്‍ക്കുലര്‍ പറയുന്നു. 2000 കോടിയിലേറെ വായ്പയെടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ഇതു ബാധകമാക്കണം. ഇവ തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ 180 ദിവസത്തിനകം പരിഹാരപദ്ധതി തയ്യാറാക്കണം. വായ്പ നല്‍കിയ മുഴുവന്‍ ബാങ്കുകളും കുടിശ്ശികവരുത്തിയ സ്ഥാപനവും ചേര്‍ന്ന് ഏകകണ്ഠമായാണ് പരിഹാരപദ്ധതി നിര്‍ദേശിക്കേണ്ടത്. അല്ലാത്തപക്ഷം, കമ്പനികള്‍ പാപ്പരായി പ്രഖ്യാപിക്കല്‍ നടപടി നേരിടേണ്ടിവരും. 2018 ഓഗസ്റ്റ് 27-നകം പരിഹാര പദ്ധതി തയ്യാറാക്കിയില്ലെങ്കില്‍ പാപ്പരായി പ്രഖ്യാപിക്കല്‍ നടപടിക്കായി കന്പനി നിയമ ട്രിബ്യൂണലിന് വിടുമെന്നും ഇത് സെപ്റ്റംബര്‍ 11-നുണ്ടാകുമെന്നുമാണ് സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. കുടിശ്ശിക തിരിച്ചടവിന് അതുവരെ ബാങ്കുകള്‍ സ്വീകരിച്ചിരുന്ന മാര്‍ഗങ്ങളെല്ലാം റിസര്‍വ് ബാങ്ക് ഇല്ലാതാക്കുകയും ചെയ്തിരുന്നു.