സിനിമാ ടിക്കറ്റുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി തടഞ്ഞു

കൊച്ചി: സിനിമാ ടിക്കറ്റുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി തടഞ്ഞു. ജിഎസ്ടിക്കു പുറമേ പത്തു ശതമാനം വിനോദനികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനാണ് ഹൈക്കോടതി തടയിട്ടത്. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കേരള ഫിലിം ചേംബര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതി ഇടപെട്ടത്. ഹര്‍ജിയില്‍ അന്തിമ തീരുമാനമെടുക്കും വരെ നികുതിയുടെ കാര്യത്തില്‍ നിലവിലെ സ്ഥിതി തുടരാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

സിനിമ ടിക്കറ്റിനു വിനോദ നികുതി ഒഴിവാക്കി കൊണ്ടുവന്ന ജിഎസ്ടിയ്ക്കു മേല്‍ വീണ്ടും 10% വിനോദ നികുതി കൂടി ചുമത്തുന്നതായിരുന്നു മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം. 100 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് 12%, 100 രൂപയ്ക്ക് മുകളില്‍ 18% എന്നിങ്ങനെയാണ് നിലവിലുള്ള നികുതി. 10% അധിക വിനോദ നികുതിയും 1% പ്രളയ സെസും വരുന്നതോടെ ടിക്കറ്റുകള്‍ക്കു 11% വില വര്‍ധിക്കും. സര്‍ക്കാര്‍ നിര്‍ദേശം പുറത്തു വന്നതോടെ ചലചിത്രമേഖലയുമായി ബന്ധപ്പെട്ടവര്‍ ഇതിനെതിരെ രംഗത്തു വന്നിരുന്നു.

സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിനിമാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. നിലവില്‍ സിനിമ വ്യവസായം വലിയ പ്രതിസന്ധി നേരിടുമ്പോള്‍ അധിക നികുതി കൂടി വന്നാല്‍ തിയറ്ററിലെത്തുന്ന പ്രേക്ഷകരുടെ എണ്ണം വീണ്ടും കുറയുമെന്നും വ്യവസായം തകരുമെന്നും പ്രതിനിധികള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. സിനിമ ടിക്കറ്റിനു മാത്രമാണ് ഇരട്ട നികുതിയെന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. ആവശ്യം അനുഭാവ പൂര്‍വം പരിഗണിക്കാം എന്നറിയിച്ചിരുന്നെങ്കിലും പ്രായോഗിക തലത്തില്‍ എത്താതിരുന്നതോടെയാണ് കേരള ഫിലിം ചേംബര്‍ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular