തൃശ്ശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് തുഷാറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷനായ തുഷാര്‍ തൃശ്ശൂരില്‍ മത്സരിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെയാണ് തുഷാറിനെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.
തുഷാര്‍ വെള്ളാപ്പള്ളി ഊര്‍ജ്ജസ്വലനായ യുവ നേതാവാണെന്നും വികസനവും സാമൂഹ്യ നീതിയും മുന്‍നിര്‍ത്തിയുള്ള എന്‍ഡിഎയുടെ പ്രതിജ്ഞാബദ്ധതയെ പ്രതിനിധാനം ചെയ്യുന്ന നേതാവാണ് അദ്ദേഹമെന്നും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള ട്വീറ്റില്‍ അമിത് ഷാ പറഞ്ഞു. ചൊവ്വാഴ്ച പത്തു മണിക്ക് വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വയനാട്ടില്‍ മത്സരം കോണ്‍ഗ്രസും എന്‍ഡിഎയും തമ്മിലായിരിക്കും. എല്ലാ സമുദായങ്ങളുമായും വ്യക്തിപരമായ ബന്ധം സൂക്ഷിക്കുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തില്‍ അമിത് ഷാ അന്തിമ തീരുമാനമെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമിത് ഷായുമായി ചര്‍ച്ചകള്‍ നടത്തിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.