വെഞ്ഞാറമ്മൂട് ഇരട്ടക്കൊല അടൂര്‍ പ്രകാശിനെതിരെ മന്ത്രി കടകംപളളി സുരേന്ദ്രനും. സാമൂഹ്യ വിരുദ്ധര്‍ക്ക് ഒരു വര്‍ഷമായി അടൂര്‍ പ്രകാശ് സഹായം നല്‍കുകയാണെന്നും അടൂര്‍ പ്രകാശിന്റെ പങ്കും അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതികളില്‍ സിപിഐഎമ്മുകാരുമുണ്ടെന്ന ആരോപണം അന്വേഷണം വഴിതിരിക്കാനാണെന്നും വാമനപുരം എംഎല്‍എയുടെ മകനെതിരായ ആരോപണം തെറ്റാണെന്നും കടകംപള്ളി പറഞ്ഞു.
ഇന്നലെ മുതല്‍ ഗുരുതരമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിനെതിരെ ഉയരുന്നത്. തേമ്പാമൂട്ടില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഫൈസല്‍ വധശ്രമക്കേസ് പ്രതികളെ സഹായിക്കാന്‍ അടൂര്‍ പ്രകാശ് ഇടപെട്ടിരുന്നുവെന്ന് മന്ത്രി ഇപി ജയരാജന്‍ ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന രീതിയിലുള്ള ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
പ്രാദേശികമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് മാസം മുമ്പ് നടന്ന ഫൈസല്‍ വധശ്രമക്കേസില്‍ തങ്ങളെ സഹായിക്കാമെന്ന് അടൂര്‍ പ്രകാശ് എംപി പറഞ്ഞിട്ടുണ്ടെന്നാണ് ഫൈസല്‍ വധശ്രമക്കേസ് പ്രതിയും വെഞ്ഞാറമൂട് കൊലപാതകക്കേസില്‍ പ്രതികളിലൊരാള്‍ കൂടിയായ ഷജിത്ത് ശബ്ദരേഖയില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ ഈ ശബ്ദരേഖ അടൂര്‍ പ്രകാശ് തള്ളി. കൊലപാതകക്കേസില്‍ പ്രതികളായ തേമ്പാമൂട്ടിലെ പ്രവര്‍ത്തകരെ ആരെയെങ്കിലും അറിയാമോ എന്ന ട്വന്റിഫോര്‍ പ്രതിനിധിയുടെ ചോദ്യത്തിന് അടൂര്‍ പ്രകാശ് പറഞ്ഞ മറുപടിയിങ്ങനെ ‘തേമ്പാമൂട്ടിലെ എന്ന് മാത്രമല്ല ഏഴ് അസംബ്ലി നിയോജക മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി ബന്ധമുണ്ട്. അതുകൊണ്ടാണല്ലോ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞാന്‍ വിജയിച്ചത്.’