28 ഉപഗ്രഹങ്ങള്‍..!!! പി.എസ്.എല്‍.വി. സി 45 വിക്ഷേപണം വിജയം: ചരിത്രം കുറിച്ച് ഐഎസ് ആര്‍ഒ; മൂന്ന് ഭ്രമണപഥങ്ങളില്‍ ആദ്യ ബഹിരാകാശ ദൗത്യം..

ശ്രീഹരിക്കോട്ട: ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും 28 ഉപഗ്രഹങ്ങളെ പി.എസ്.എല്‍.വി. സി45 ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 9.27നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നായിരുന്നു വിക്ഷേപണം. ഐ.എസ്.ആര്‍.ഒ.യുടെ പടക്കുതിരയായ സി45 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ എമിസാറ്റ്, അമേരിക്കയില്‍ നിന്നുള്ള 20 ഉപഗ്രഹങ്ങള്‍ ലിത്വാനിയയില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങള്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ഉപഗ്രഹം എന്നിവയെയാണ് ഭ്രമണപഥത്തിലെത്തിച്ചത്.
എല്ലാ ഉപഗ്രഹങ്ങളും നിശ്ചിത ഭ്രമണപഥത്തില്‍ കൃത്യമായി എത്തിച്ചതായും വിക്ഷേപണം പൂര്‍ണ വിജയമാണെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.
3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും വിക്ഷേപണം. പിഎസ്എല്‍വിയുടെ 47–ാം ദൗത്യമാണ് ഇത്3 ഭ്രമണപഥങ്ങളില്‍ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഇന്ത്യന്‍ ദൗത്യമാണ് സി45.
എമിസാറ്റിന്റെ ഭാരം 436 കിലോഗ്രാം ആണ്. ഇലക്ട്രോ മാഗ്‌നറ്റിക് സ്‌പെക്ട്രം മെഷര്‍മെന്റാണ് ഉപഗ്രഹത്തിന്റെ ദൗത്യം. ഉപഗ്രഹങ്ങളെ ആദ്യമായി ഒരേ സമയം മൂന്ന് വ്യത്യസ്ത ഭ്രമണപഥത്തിലെത്തിച്ചെന്നതാണ് ദൗത്യത്തിന്റെ പ്രധാന പ്രത്യേകത. റോക്കറ്റിന്റെ നാലാംഘട്ടത്തെ ആദ്യമായി പരീക്ഷണ തട്ടകമാക്കി മാറ്റുന്നുവെന്ന സവിശേഷതയുമുണ്ട്. നിലവില്‍ പി.എസ്.എല്‍.വി.വിക്ഷേപണത്തിന്റെ നാലാംഘട്ടത്തില്‍ ഉപഗ്രഹങ്ങള്‍ വേര്‍പെട്ടു കഴിഞ്ഞാല്‍ റോക്കറ്റ് ഭാഗം ബഹിരാകാശത്ത് ഉപേക്ഷിക്കാറാണ് പതിവ്. എമിസാറ്റ് ഒഴികെ ബാക്കിയുള്ളവ വാണിജ്യ വിക്ഷേപണങ്ങളാണ്.
436 കിലോ ഭാരമുള്ള എമിസാറ്റ് ഉപഗ്രഹത്തെ ഭൂമിയില്‍നിന്നു 749 കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണപഥത്തില്‍ എത്തിക്കുന്നതാണ് ആദ്യദൗത്യം. ഇതിനു ശേഷം താഴ്ന്ന് 504 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തും. ഇവിടെ 220 കിലോ ഭാരം വരുന്ന ബാക്കി ഉപഗ്രഹങ്ങളെ പുറന്തള്ളും. ഇതിനു ശേഷം വീണ്ടും താഴ്ന്ന് 485 കിലോമീറ്റര്‍ ഉയരത്തില്‍ പിഎസ്എല്‍വിയുടെ നാലാംഘട്ടം (അവേശഷിക്കുന്ന ഭാഗം) നില്‍പുറപ്പിക്കും. ഭാവി ബഹിരാകാശ പരീക്ഷണങ്ങള്‍ക്കു വേണ്ടിയാണിത്.
മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളാണു ഇതിലുള്ളത്. കപ്പലുകളില്‍നിന്നു സന്ദേശം പിടിച്ചെടുക്കാനുള്ള ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം, റേഡ!ിയോയുമായി ബന്ധപ്പെട്ട ഓട്ടമാറ്റിക് പാക്കറ്റ് റിപ്പീറ്റിങ് സിസ്റ്റം, അന്തരീക്ഷത്തിലെ അയണോസ്ഫിയറിനെ പഠിക്കാനുള്ള എആര്‍ഐഎസ് എന്നിവയാണിവ.
ഇലക്ട്രോണിക് ഇന്റലിജന്‍സ് സാറ്റലൈറ്റ് അഥവാ എമിസാറ്റ് പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണ്. സരള്‍ ( ടഅഞഅഘ) എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ അടിസ്ഥാനമാക്കി ഡിആര്‍ഡിഒയും ഐഎസ്ആര്‍ഒയും ചേര്‍ന്നാണ് എമിസാറ്റ് നിര്‍മിച്ചത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മുഴുവന്‍ കാര്യക്ഷമമായ ഇലക്ട്രോണിക് നിരീക്ഷണത്തിന് എമിസാറ്റ് പ്രതിരോധ സേനകളെ സഹായിക്കും.
കൗടില്യ എന്ന രഹസ്യ പേരിലാണ് എമിസാറ്റിലെ പേലോഡുകളുടെ നിര്‍മാണം ഡിഫന്‍സ് എലക്ട്രോണിക് റിസര്‍ച്ച് ലാബില്‍ നടന്നത്. 201314 ലെ പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് എമിസാറ്റിനെ പറ്റി പരാമര്‍ശം ഉണ്ടായിരുന്നത്. എട്ടുവര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണ് എമിസാറ്റിന്റെ പിറവി.
കെഎ ബാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ട്ടിമീറ്റര്‍ ആണ് എമിസാറ്റില്‍ ഉപയോഗിക്കുന്നത്. ആള്‍ട്ടിക എന്ന ഈ മീറ്റര്‍ വികസിപ്പിച്ചത് ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയാണ്. മഞ്ഞ്, മഴ തുടങ്ങിയ കാലാവസ്ഥകളിലും തീരപ്രദേശങ്ങള്‍, കരപ്രദേശങ്ങള്‍, വനപ്രദേശങ്ങള്‍ തുടങ്ങിയവയിലും കാര്യക്ഷമമായി തടസങ്ങളില്ലാതെ നിരീക്ഷണം നടത്താന്‍ കെഎ ബാന്‍ഡ് ആള്‍ട്ട് മീറ്റര്‍ സഹായിക്കും.
അതിര്‍ത്തികളില്‍ ഉള്ള ശത്രുരാജ്യങ്ങളുടെ റഡാറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും എമിസാറ്റിന് സാധിക്കും. ഓരോ 90 മിനിറ്റ് കൂടുമ്പോഴും എമിസാറ്റ് ഒരേസ്ഥലത്ത് വീണ്ടും എത്തും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7