തിരുവനന്തപുരം: അമേഠിയില്‍ പരാജയപ്പെടുമെന്ന ഭയത്താലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ കേരളത്തില്‍ ഇടതുമുന്നണിയുടെ വിജയസാധ്യത വര്‍ധിച്ചിരിക്കുകയാണെന്നും കേരളത്തിലെ ഇരുപതുസീറ്റുകളിലും ഇടതുമുന്നണി വിജയിക്കുമെന്നും കോടിയേരി പറഞ്ഞു.
സ്വന്തം ലോക്സഭ മണ്ഡലത്തില്‍ ആത്മവിശ്വാസമില്ലാത്ത രാഹുല്‍ഗാന്ധിക്ക് എങ്ങനെയാണ് ബി.ജെ.പി.ക്കെതിരായ മുന്നണിക്ക് നേതൃത്വം നല്‍കാനാവുകയെന്നും കോടിയേരി ചോദിച്ചു. ഇടതുപക്ഷത്തിന്റെ കരുത്ത് വയനാട്ടില്‍ രാഹുല്‍ഗാന്ധിക്ക് കാണിച്ചുകൊടുക്കുമെന്നും രാഹുല്‍ഗാന്ധി അമേഠിയില്‍നിന്ന് വരുമ്പോള്‍ കോണ്‍ഗ്രസിന് ഉത്തരേന്ത്യയില്‍ ഒരുസീറ്റ് പോലും കിട്ടില്ലെന്ന സന്ദേശമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഇടതുപക്ഷത്തിനെതിരെയുള്ള മത്സരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പ്രതികരിച്ചിരുന്നു. രാഹുലിനെ നേരിടാനുള്ള കരുത്ത് ഇടതുമുന്നണിക്കുണ്ടെന്നും ഇക്കാര്യത്തില്‍ ഇടതുമുന്നണിക്ക് ആശങ്കയില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.