വടകര: വടകര ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജനെതിരെ രണ്ട് കൊലപാതക കേസടക്കം പത്ത് കേസുകള്‍. ഒരു കേസില്‍ ശിക്ഷിച്ചിട്ടുണ്ട്. കതിരൂര്‍ മനോജ് വധവും ഷൂക്കൂര്‍ വധക്കേസുമാണ് ജയരാജനെതിരെയുള്ള കൊലപാതകക്കേസുകള്‍. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ജയരാജന്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്.
കതിരൂര്‍ മനോജ് വധക്കേസ്, പ്രമോദ് വധശ്രമക്കേസ് എന്നിവയില്‍ ഗൂഢാലോചന നടത്തി, അരിയില്‍ ഷുക്കൂറിനെ കൊല്ലാനുള്ള പദ്ധതി മറച്ചുവെച്ചു എന്നിവയാണ് ജയരാജന്റെ പേരിലുള്ള കേസുകളില്‍ തീവ്രസ്വഭാവമുള്ളത്. മറ്റുള്ളവ അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസപ്പെടുത്തിയതിനുമാണ്.
ജയരാജനെതിരായ കേസുകളില്‍ ഒന്നില്‍ അദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അന്യായമായി സംഘം ചേര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടര വര്‍ഷം തടവിനും പിഴ അടക്കാനുമാണ് ശിക്ഷിച്ചത്. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ തീരുമാനമാവുന്നതുവരെ വിധി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
ജയരാജന്റെ കൈവശം 2,000 രൂപയും ഭാര്യയുടെ പേരില്‍ 5,000 രൂപയുമാണ് ഉള്ളത് എന്നും സത്യവാങ് മൂലത്തില്‍ പറയുന്നു. ജയരാജന്റെ നിക്ഷേപം 8,22,022 രൂപയും (ബാങ്ക് നിക്ഷേപവും ഓഹരിയുമടക്കം) ഭാര്യയുടെ നിക്ഷേപം 31,75,418 രൂപയുമാണ്. ജയരാജന്റെയും ഭാര്യയുടേയും സംയുക്ത ഉടമസ്ഥതയില്‍ 37 ലക്ഷം രൂപയുടെ സ്വത്താണുള്ളത്. ഭാര്യയുടെ പേരില്‍ 16 ലക്ഷത്തിന്റെ സ്വത്ത് വേറെയുമുണ്ട്. ജയരാജന്റെ പേരില്‍ വായ്പയൊന്നുമില്ല.
അതേസമയം, ഭാര്യയുടെ പേരില്‍ 6,20,213 രൂപയുടെ ബാധ്യതയുണ്ട്. ജയരാജന്റെ പേരില്‍ 3.25 ലക്ഷം മതിപ്പുവിലയുള്ള ടാറ്റ മാജിക്കും ഭാര്യയുടെ പേരില്‍ 3.5 ലക്ഷത്തിന്റെ മാരുതി സ്വിഫ്റ്റുമുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.