61/5ല്‍ നിന്ന് 185/8ല്‍ എത്തിച്ചു; വീണ്ടും വെടിക്കെട്ടുമായി റസ്സല്‍ കൊല്‍ക്കത്തയെ കരകയറ്റി; ഡല്‍ഹിക്ക് 186 റണ്‍സ് വിജയലക്ഷ്യം

റസ്സലിന്റെ വെടിക്കെട്ടിലൂടെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറിയ കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയത്തിലേക്ക് വേണ്ടത് 186 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സടിച്ചു. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 61 റണ്‍സ് എന്ന നിലയിലായിരുന്ന സന്ദര്‍ശകരെ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും ആന്ദ്രെ റസലും കൈപ്പിടിച്ചുയര്‍ത്തുകയായിരുന്നു.

ദിനേശ് കാര്‍ത്തിക്ക് 36 പന്തില്‍ അഞ്ചു ഫോറും രണ്ട് സിക്സുമടക്കം 50 റണ്‍സ് നേടി. 28 പന്തില്‍ നാല് ഫോറിന്റേയും ആറു സിക്സിന്റേയും അകമ്പടിയോടെ 62 റണ്‍സ് അടിച്ചായിരുന്നു റസലിന്റെ വെടിക്കെട്ട് ഇന്നിങ്സ്. ഇതോടെയാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ 150 കടന്നത്. ഇരുവരും ആറാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 95 റണ്‍സിന്റെ കൂട്ടുകെട്ട് മത്സരത്തില്‍ നിര്‍ണായകമായി.

16 റണ്‍സിനിടെ ഓപ്പണര്‍ നിഖില്‍ നായിക്കിനെ (7) നഷ്ടമായ കൊല്‍ക്കത്തയ്ക്ക് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു. റോബിന്‍ ഉത്തപ്പ (11), ക്രിസ് ലിന്‍ (20), നിധീഷ് റാണ് (1), ശുഭ്മാന്‍ ഗില്‍ (4), പിയൂഷ് ചൗള (12) എന്നിങ്ങനെയാണ് പുറത്തായ ബാറ്റ്സ്മാന്‍മാരുടെ സ്‌കോറുകള്‍. 10 റണ്‍സോടെ കുല്‍ദീപ് യാദവ് പുറത്താകാതെ നിന്നു.

pathram:
Leave a Comment