മത്സ്യത്തൊഴിലാളികളുടെ വോട്ടിന് ഓക്കാനം ഉണ്ടോയെന്ന് തരൂര്‍ വ്യക്തമാക്കണമെന്ന് കുമ്മനം

തിരുവനന്തപുരം: മീന്‍ മണം ഓക്കാനം വരുത്തുമെന്ന ശശി തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. മത്സ്യത്തൊഴിലാളികളെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളില്‍ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നടപടി അങ്ങേയറ്റം തരംതാണതാണെന്ന് കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി.

മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യത്തിനും ഓക്കാനം വരുന്ന മണമാണെന്ന തരൂരിന്റെ കണ്ടെത്തല്‍ അദ്ദേഹം മറ്റുള്ളവരെക്കാള്‍ ഉയര്‍ന്ന ആളാണെന്ന തോന്നല്‍ ഉള്ളത് കൊണ്ടാണ്. ഇതേ ചിന്ത കൊണ്ടാണ് കേരളം പ്രളയത്തില്‍ അകപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് ജര്‍മ്മന്‍ സന്ദര്‍ശനത്തിന് പോകാന്‍ സാധിച്ചതും. ഓക്കാനം വരുന്ന ചുറ്റുപാടിലാണ് ഇവര്‍ ജീവിക്കുന്നതെങ്കില്‍ അവരുടെ വോട്ടിന് ഓക്കാനം ഉണ്ടോയെന്ന് തരൂര്‍ വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരന്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ചോദിച്ചു.

ഓക്കാനം വരുന്നതിനെക്കാള്‍ ദയനീയമായ ചുറ്റുപാടുകളില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് തിരുവനന്തപുരം മണ്ഡലത്തില്‍ ജീവിതം തള്ളി നീക്കുന്നത്. ഇവരുടെ ജീവിത നിലവാരം ഏതെങ്കിലും തരത്തില്‍ ഉയര്‍ത്താന്‍ ഇത്രനാളും ചെറുവിരല്‍ പോലും അനക്കാത്ത തരൂരിനെപ്പോലുള്ള ഭരണ വര്‍ഗ്ഗത്തിന്റെ പിടിപ്പു കേടാണ് ഇതിന് കാരണം. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉന്നമനത്തിനായി കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏന്ത് പദ്ധതിയാണ് നടപ്പാക്കിയതെന്ന് അദ്ദേഹം വിശദീകരിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

എംപി ഫണ്ട് ചെലവഴിക്കുന്നതാണ് വികസനം എന്ന് ധരിക്കരുത്. മത്സ്യത്തൊഴിലാളികളെ സഹായിച്ചില്ലെങ്കിലും അവഹേളിക്കരുത്. ഇവരുടെ വോട്ട് വാങ്ങി വിജയിച്ച ജനപ്രതിനിധി അവരെ അവഹേളിക്കുന്നത് കേള്‍ക്കുമ്പോഴാണ് ശരിക്കും ഓക്കാനം വരുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.

pathram:
Related Post
Leave a Comment