പഞ്ചാബ് എട്ടുവിക്കറ്റിന് മുംബൈയെ തകര്‍ത്തു

മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഐ.പി.എല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് രണ്ടാം വിജയം. 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് എട്ടു പന്ത് ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി. ക്രിസ് ഗെയ്ല്‍, കെ.എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ ബാറ്റിങ് വെടിക്കെട്ടാണ് പഞ്ചാബിന് അനായാസ വിജയമൊരുക്കിയത്.

ഓപ്പണിങ് വിക്കറ്റില്‍ കെ.എല്‍ രാഹുലുമൊത്ത് അര്‍ദ്ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയാണ് ക്രിസ് ഗെയ്ല്‍ പുറത്തായത്. ക്രുണാല്‍ പാണ്ഡ്യയുടെ പന്തില്‍ ഹാര്‍ദികിന് ക്യാച്ച് സമ്മാനിക്കുമ്പോള്‍ 24 പന്തില്‍ 40 റണ്‍സ് അടിച്ചിരുന്നു ഗെയ്ല്‍. പിന്നാലെ ക്രീസിലെത്തിയ മായങ്ക് അഗര്‍വാള്‍ രാഹുലിന് യോജിച്ച പങ്കാളിയായി. ഇരുവരും രണ്ടാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 21 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 43 റണ്‍സ് അടിച്ച മായങ്കിനെ ക്രുണാല്‍ പാണ്ഡ്യ റിട്ടേണ്‍ ക്യാച്ചെടുക്കുകയായിരുന്നു.

പിന്നീട് രാഹുല്‍ ഡേവിഡ് മില്ലര്‍ക്കൊപ്പം പഞ്ചാബ് ഇന്നിങ്സ് നയിച്ചു. 10 പന്തില്‍ 15 റണ്‍സുമായി മില്ലര്‍ കൂട്ടുനിന്നതോടെ ഇരുവരും മൂന്നാം വിക്കറ്റില്‍ പുറത്താകാതെ 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കെ.എല്‍ രാഹുല്‍ 57 പന്തില്‍ ആറു ഫോറും ഒരു സിക്സുമടക്കം 71 റണ്‍സ് അടിച്ചുകൂട്ടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെടുത്തത്. 39 പന്തില്‍ 60 റണ്‍സ് നേടിയ ക്വിന്റണ്‍ ഡികോക്കിന്റെ മികവിലായിരുന്നു മുംബൈയുടെ ബാറ്റിങ്.

മുംബൈയുടെ തുടക്കം തന്നെ മികച്ചതായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ക്വിന്റണ്‍ ഡികോക്കും 51 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. രോഹിതിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ഹാര്‍ഡസ് വില്‍ജോയ്‌നാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 19 പന്തില്‍ അഞ്ചു ഫോറടക്കം മുംബൈ ക്യാപ്റ്റന്‍ 32 റണ്‍സടിച്ചു. തൊട്ടുപിന്നാലെ ആറു പന്തില്‍ നിന്ന് രണ്ട് ഫോറിന്റെ സഹായത്തോടെ 11 റണ്‍സടിച്ച സൂര്യകുമാര്‍ യാദവും വിക്കറ്റിന് മുന്നില്‍ കുരുങ്ങി. മുരുഗന്‍ അശ്വിനായിരുന്നു വിക്കറ്റ്.

പിന്നീട് ക്രീസിലെത്തിയവര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ഒഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല. അവസാന ഓവറില്‍ പുറത്താകും മുമ്പ് ഹാര്‍ദികിന്റെ ബാറ്റിങ് മികവ് മുംബൈയുടെ സ്‌കോര്‍ 150 റണ്‍സ് കടത്തുകയായിരുന്നു. ഹാര്‍ദിക് 19 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സുമടക്കം 31 റണ്‍സടിച്ചു. യുവരാജ് സിങ്ങ് 22 പന്തില്‍ 18 റണ്‍സെടുത്ത് നില്‍ക്കെ മുരുഗന്‍ അശ്വിന്‍ പുറത്താക്കി. ക്രുണാല്‍ പാണ്ഡ്യ 10 റണ്‍സ് സംഭാവന ചെയ്തപ്പോള്‍ പൊള്ളാര്‍ഡ് ഏഴു റണ്‍സെടുത്ത് പുറത്തായി.

പഞ്ചാബിനായി മുഹമ്മദ് ഷമി, വില്‍ജോയ്ന്‍, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആന്‍ഡ്രു ടൈ ഒരു വിക്കറ്റ് നേടി. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങിയ അശ്വിന് വിക്കറ്റൊന്നും ലഭിച്ചില്ല

pathram:
Leave a Comment