വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ലിന്റെ പേരിനു നേരെ ഒരു റെക്കോഡ് കൂടി. ഐ.പി.എല്ലില്‍ 300 സിക്സുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടമാണ് കിങ്സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ മിച്ചല്‍ മഗ്ളീഗന്‍ എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്ത് അതിര്‍ത്തിക്ക് അപ്പുറത്തേക്ക് പറത്തിയായിരുന്നു ഗെയ്ലിന്റെ നേട്ടം.
114-ാമത്തെ ഇന്നിങ്സില്‍ താന്‍ നേരിട്ട 2719-ാമത്തെ പന്തില്‍ നിന്നാണ് വിന്‍ഡീസ് താരം 300-ാം സിക്സ് അടിച്ചത്. നേരത്തെ 37 ഇന്നിങ്സില്‍ സിക്സില്‍ സെഞ്ചുറിയിട്ട ഗെയ്ല്‍ 69 ഇന്നിങ്സില്‍ 200 സിക്സ് എന്ന നേട്ടത്തിലെത്തി. 2012-ല്‍ 943 പന്ത് നേരിട്ടായിരുന്നു ഗെയ്ല്‍ നൂറ് സിക്സ് പൂര്‍ത്തിയാക്കിയത്. 2015-ല്‍ 1811 പന്ത് നേരിട്ട് സിക്സിന്റെ എണ്ണത്തില്‍ ഡബിള്‍ സെഞ്ചുറി അടിച്ചു.
ഈ പട്ടികയില്‍ ഗെയ്ലിന് പിന്നില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എബി ഡിവില്ലിയേഴ്സാണ്. 143 ഇന്നിങ്സില്‍ നിന്ന് 192 സിക്സ് ആണ് ഡിവില്ലിയേഴ്സ് നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം.എസ് ധോനി 187 സിക്സുമായി മൂന്നാമതുണ്ട്. 114 മത്സരങ്ങളില്‍ നിന്ന് 42 ബാറ്റിങ് ശരാശരിയില്‍ 4133 റണ്‍സാണ് ഐ.പി.എല്ലില്‍ ഇതുവരെ വിന്‍ഡീസ് താരം നേടിയത്. ഇതില്‍ ആറു സെഞ്ചുറിയും 25 അര്‍ദ്ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു.
Leave a Comment