തെലങ്കാനയിലെ ലോക്‌സഭാ മണ്ഡലത്തില്‍ ജനവിധി തേടാന്‍ എത്തുന്നത് റെക്കോര്‍ഡ് സ്ഥാനാര്‍ത്ഥികള്‍. ഇതോടെ തെലങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തയ്യാറെടുപ്പുകളുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തി.
സ്ഥാനാര്‍ത്ഥികളുടെ എണ്ണം 64 (63 സ്ഥാനാര്‍ത്ഥികളും നോട്ടയും) കവിഞ്ഞാല്‍ വോട്ടിങ് യന്ത്രം പറ്റില്ലെന്നതിനാല്‍ ബാലറ്റ് പേപ്പറുകള്‍ സജ്ജമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ നിസാമാബാദ് മണ്ഡലത്തില്‍ 185 സ്ഥാനാര്‍ത്ഥികളാണു മല്‍സരരംഗത്തുള്ളത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ചത്. ഇതില്‍ 178പേരും കര്‍ഷകരാണ്. നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ പത്രിക നല്‍കിയിരുന്നത് ഇരുനൂറിലേറെ കര്‍ഷകരടക്കം 245 പേരാണ്. വ്യാഴാഴ്ചയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. വെള്ളിയാഴ്ചയോടെയേ മല്‍സരചിത്രം വ്യക്തമാകൂ. പലരെയും പിന്തിരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം സജീവമായിരുന്നു.
ബാലറ്റ് പേപ്പറുകള്‍ സജ്ജമാക്കുന്നതിന് കാലതാമസം ഉണ്ടായാല്‍ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കേണ്ടി വരുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രജത് കുമാര്‍ വ്യക്തമാക്കി. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ.കവിതയും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ്.
മഞ്ഞളിനു താങ്ങുവില കൂട്ടുക, നിസാമാബാദ് ആസ്ഥാനമായി മഞ്ഞള്‍ ബോര്‍ഡ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പായില്ലെന്നും കര്‍ഷകര്‍ നേരിടുന്ന ദുരിതം ദേശീയ ശ്രദ്ധയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാപകമായി നാമനിര്‍ദ്ദേശ പത്രികകള്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.