സഞ്ജുവിന്റെ സെഞ്ച്വറി പാഴായി; രാജസ്ഥാനെ ഹൈദരാബാദ് അഞ്ച് വിക്കറ്റിന് തകര്‍ത്തു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റയോല്‍സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് അഞ്ച് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണിന്റെ (55 പന്തില്‍ 102) സെഞ്ചുറി കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഡേവിഡ് വാര്‍ണര്‍ (69), ജോണി ബെയര്‍സ്‌റ്റോ (45), വിജയ് ശങ്കര്‍ (35) റാഷിദ് ഖാന്‍ (8 പന്തില്‍ പുറത്താവാതെ 15) എന്നിവരാണ് വിജയം എളുപ്പമാക്കിയത്. കെയ്ന്‍ വില്യംസണ്‍ (14), മനീഷ് പാണ്ഡെ (1) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. യൂസഫ് പഠാന്‍ (12 പന്തില്‍ 16) പുറത്താവാതെ നിന്നു. രാജസ്ഥാന് വേണ്ടി ശ്രേയാസ് ഗോപാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, രാജസ്ഥാന്‍ സഞ്ജുവിന്റെ സെഞ്ചുറിയും അജിന്‍ക്യ രഹാനെയുടെ (49 പന്തില്‍ 70) അര്‍ധ സെഞ്ചുറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും 119 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഓപ്പണര്‍ ജോസ് ബട്‌ലറെ, റാഷിദ് ഖാന്‍ ബൗള്‍ഡാക്കിയ ശേഷമാണ് ഇരുവരും ഒന്നിച്ചത്. രഹാനെ പുറത്താവുമ്പോള്‍ നാല് ഫോറും മൂന്ന് സിക്‌സും നേടിയിരുന്നു. ഷഹബാസ് നദീമിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ രഹാനെ മിഡ് ഓണില്‍ മനീഷ് പാണ്ഡേയ്ക്ക് ക്യാച്ച് നല്‍കി.

അധികം വൈകാതെ സഞ്ജു സെഞ്ചുറി പൂര്‍ത്തിയാക്കി. 10 ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ഐപിഎല്ലില്‍ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്. കഴിഞ്ഞ സീസണിലും സഞ്ജു സെഞ്ചുറി നേടിയിരുന്നു. ഭുവനേശ്വര്‍ കുമാറിന്റെ ഒരോവറില്‍ 24 റണ്‍സാണ് സഞ്ജു നേടിയത്.

നേരത്തെ, പരിക്ക് കാരണം ആദ്യ മത്സരം നഷ്ടമായ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. ഷഹബാസ് നദീമും സീസണിലെ ആദ്യ ഐപിഎല്‍ മത്സരത്തിനിറങ്ങി. ഷാക്കിബ് അല്‍ ഹസന്‍, ദീപക് ഹൂഡ എന്നിവരാണ് പുറത്ത് പോയത്. രാജസ്ഥാന്‍ ആദ്യ മത്സരം കളിച്ച ടീമിനെ നിലനിര്‍ത്തുകയായിരുന്നു.

pathram:
Leave a Comment