കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനായി ഒരുങ്ങുന്ന അര്‍ജന്റീനയ്ക്ക് വന്‍ തിരിച്ചടി നല്‍കി കൊണ്ട് മുന്നേറ്റക്കാരന്‍ ഗോണ്‍സാലോ ഹിഗ്വെയിന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. അര്‍ജന്റീനയ്ക്കായി 75 മത്സരങ്ങളില്‍ ഇറങ്ങിയ താരം 31 ഗോളുകള്‍ നേടിയിരുന്നു. രാജ്യത്തിനായി കഴിയാവുന്നതെല്ലാം ചെയ്തു കഴിഞ്ഞു. ഇനി മകള്‍ക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും സമയം ചെലവഴിക്കണം. വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ടു താരം വ്യക്തമാക്കി. കോപ്പാ അമേരിക്ക, ലോകകപ്പ് റണ്ണറപ്പുകള്‍ എന്നതാണ് താരത്തിന്റെ നേട്ടം.
സ്വന്തം കഌായ ചെല്‍സിക്ക് വേണ്ടി കൂടുതല്‍ മെച്ചപ്പെട്ട കളി പുറത്തെടുക്കുകയാണ് താരത്തിന്റെ ഇനിയുള്ള ലക്ഷ്യം. 2009 ല്‍ പെറുവിനെതിരേ അര്‍ജന്റീനയ്ക്കായി ഇറങ്ങിയ ഹിഗ്വന്‍ പത്തുവര്‍ഷത്തോളം ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. 2018 ലോകകപ്പില്‍ അര്‍ജന്റീനയുടെ മുന്നേറ്റ് താരമായിരുന്നു. ” നേടിയ ഗോളിനേക്കാള്‍ നഷ്ടപ്പെടുത്തിയ അവസരങ്ങളായിരിക്കും തന്നെക്കുറിച്ച ജനങ്ങള്‍ കൂടുതല്‍ ഓര്‍മ്മിക്കുക എന്നിരുന്നാലും 2014 ലോകകപ്പ് ക്വാര്‍ട്ടറില്‍ ബല്‍ജിയത്തിന് എതിരേ താന്‍ നേടിയ ഗോള്‍ ഒരിക്കലും ആരാധകര്‍ മറക്കില്ലെന്നാണ് കരുതുന്നത് എന്നും താരം പറഞ്ഞു. ഒരാളെ നിങ്ങള്‍ മോശമായി വിമര്‍ശിക്കുമ്പോള്‍ അത് എല്ലാവരേയും നോവിക്കും. തന്നെ വിമര്‍ശിച്ചപ്പോള്‍ ഏറെ വേദനിച്ചത് കുടുംബം ആയിരുന്നെന്നും എന്നിട്ടും ഞാന്‍ ദേശീയ ടീമിനായി എല്ലാം നല്‍കിയെന്നും പറഞ്ഞു.
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പെറുവിനെതിരേ 2016 ഒക്‌ടോബറിലാണ് താരം അവസാനമായി അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. 2014 ലോകകപ്പിലും 2015 കോപ്പാ അമേരിക്കയിലും ഫൈനലില്‍ അനേകം ഗോള്‍ അവസരങ്ങള്‍ തുലച്ചതിന് ഹിഗ്വന്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. കഴിഞ്ഞ റഷ്യന്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീന പുറത്തായപ്പോഴും താരം ഏറെ പഴികേട്ടിയിരുന്നു. ഫ്രാന്‍സിനെതിരേ പരാജയപ്പെട്ടായിരുന്നു അര്‍ജന്റീന പുറത്തായത്. അര്‍ജന്റീനയുടെ കഴിഞ്ഞ മത്സരത്തില്‍ മെസ്സിയുടെ പങ്കാളിയായി എത്തിയത് അഗ്യൂറോ ആയിരുന്നു.