ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മിഷന്‍ ശക്തി’ പ്രഖ്യാപന പ്രസംഗത്തില്‍ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. പ്രസംഗത്തില്‍ സര്‍ക്കാരന്റെ നേട്ടമായി അവതരിപ്പിച്ചിട്ടില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. അതേസമയം ദൂരദര്‍ശന്‍ സൗകര്യം വിനിയോഗിച്ചോ എന്ന കാര്യം കമ്മീഷന്‍ പരിശോധിക്കുകയാണ്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ സര്‍ക്കാരിന്റെ നേട്ടമായി ‘മിഷന്‍ ശക്തി’ അവതരിപ്പിച്ചിട്ടില്ല. പകരം, രാജ്യത്തിന്റെ നേട്ടം എന്നാണ് പറയുന്നത്. അതിനാല്‍ ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാവില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. എന്നാല്‍ ദൂരദര്‍ശന്റെ ക്യാമറ അടക്കമുള്ള സൗകര്യങ്ങള്‍ പ്രസംഗം പകര്‍ത്തുന്നതിനായി ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
മോദിയുടെ പ്രസംഗത്തില്‍ പെരുമാറ്റച്ചട്ട ലംഘനമുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥ സമിതിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയിരുന്നു. പ്രസംഗത്തില്‍ ചട്ടലംഘനമുണ്ടായോ എന്ന് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശം. വിദഗ്ദ്ധ പരിശോധനയ്ക്കായി പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടത്. സാധാരണഗതിയില്‍ ഡിആര്‍ഡിഒ നടത്തേണ്ട പ്രഖ്യാപനം പ്രധാനമന്ത്രി ഏറ്റെടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.