ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞെട്ടിപ്പിക്കുന്ന പദ്ധതി പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കായി മിനിമം വരുമാനപദ്ധതി കൊണ്ടു വരുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കുമായി മിനിമം വരുമാനപരിധി നിശ്ചയിച്ചാവും പദ്ധതി നടപ്പാക്കുക. ‘ന്യായ്’ എന്നാണ് ഈ പദ്ധതിക്ക് കോണ്‍ഗ്രസ് പേരിട്ടിരിക്കുന്നത്.
രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വരുമാനപരിധി നിശ്ചയിച്ച് ഈ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഘട്ടം ഘട്ടമായിട്ടാണ് പദ്ധതി നടപ്പാക്കുക. ഇതനുസരിച്ച് 12,000 രൂപ വരെയാകും ഒരു കുടുംബത്തിന് ഒരു മാസത്തേക്കുള്ള മിനിമം വരുമാനപരിധി. 12,0000 രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ബാക്കി വരുന്ന തുക സര്‍ക്കാര്‍ പ്രതിമാസസഹായമായി നല്‍കും. ഒരു കുടുംബത്തിന് ഒരു വര്‍ഷം 72,000 രൂപ ഈ രീതിയില്‍ ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു.
പദ്ധതി നടപ്പാക്കുക വഴി ഇന്ത്യയിലെ ഇരുപത് ശതമാനം ജനങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ അഞ്ച് ലക്ഷം നിര്‍ധന കുടുംബങ്ങളിലെ 25 കോടി ആളുകള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് പറഞ്ഞ രാഹുല്‍ താന്‍ പറയുന്നത് വെറും വാക്കല്ലെന്നും വളരെ ഗൗരവകരമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് ഈ പദ്ധതി കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നതെന്നും വ്യക്തമാക്കി.
തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത് പോലെ ഈ പദ്ധതിയും നടപ്പാക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. സാമ്പത്തിക വിദഗ്!ധരെ ഉള്‍പ്പെടുത്തി വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു പദ്ധതിയുടെ ബ്ലൂപ്രിന്റ് തയ്യാറാക്കിയതെന്ന് കോണ്‍ഗ്രസ് പറയുന്നു. ഗരീബി ഹഠാവോ എന്ന ഇന്ദിരാഗാന്ധിയുടെ പദ്ധതിക്ക് സമാനമായ പദ്ധതിയാണ് രാഹുല്‍ കൊണ്ടു വന്നിരിക്കുന്നത്.
ദില്ലി എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ രാഹുല്‍ പ്രകടനപത്രികയിലെ ഈ പ്രധാന പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് സീറ്റില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇന്ന് വേറെ ഒരു ചോദ്യങ്ങള്‍ക്കും മറുപടിയില്ലെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടി. ഇന്ന് രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് മിനിമം വരുമാനം പദ്ധതിയ്ക്ക് കോണ്‍ഗ്രസ് അന്തിമ അനുമതി നല്‍കിയത്.
LIVE: Congress President @RahulGandhi briefs media after CWC meeting. #RahulForBehtarBharat https://t.co/6YjN52J4B4
— Congress (@INCIndia) March 25, 2019