സുപ്രധാന പദവികളില്‍ പുറത്തു നിന്നുള്ളവര്‍ മാത്രം; രജനി മക്കള്‍ മന്‍ട്രത്തില്‍ അതൃപ്തി

ചെന്നൈ: പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട സുപ്രധാന പദവികളില്‍ പുറത്തു നിന്നുള്ളവരെ മാത്രം നിയമിച്ചതില്‍ രജനി മക്കള്‍ മന്‍ട്രത്തില്‍ അതൃപ്തിയെന്നു റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി ആരാധ കൂട്ടായ്മയുമായി ബന്ധപ്പെട്ടവരെ പൂര്‍ണമായി തഴഞ്ഞുവെന്നാണു പരാതി. മുഖ്യ രാഷ്ട്രീയ ഉപദേശകനായ തമിഴരുവി മണിയനെ ഓവര്‍സിയറായും ബിജെപിയില്‍നിന്നു രാജിവച്ചെത്തിയ ആര്‍.എ.അര്‍ജുന മൂര്‍ത്തിയെ ചീഫ് കോ-ഓര്‍ഡിനേറ്ററായും രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാനുള്ള ചുമതല ഇവര്‍ക്കാണ്.

കമല്‍ ഹാസന്‍ പാര്‍ട്ടി തുടങ്ങിയ സമയത്തു രസികര്‍ മന്‍ട്രം ഭാരവാഹികള്‍ക്കു നിര്‍ണായക പദവികള്‍ നല്‍കിയത് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, രജനി പൂര്‍ണമായി പുറത്തുനിന്നുള്ളയാളുകളെ ആശ്രയിച്ചതു തങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്ന് ഇവര്‍ പറയുന്നു

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിലവില്‍ രജനി മക്കള്‍ മന്‍ട്രം കമ്മിറ്റികളുണ്ട്. 16 ജില്ലകളില്‍ എല്ലാ ബൂത്തുകളിലും കമ്മിറ്റിയായി. ഇതിനെല്ലാം നേതൃത്വം നല്‍കിയതു ജില്ലാ സെക്രട്ടറിമാരാണ്. ഇവര്‍ക്കൊന്നും പുതിയ സംവിധാനത്തില്‍ സ്ഥാനം നല്‍കാത്തതു മന്‍ട്രം ഭാരവാഹികള്‍ക്കിടയില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്.

തമിഴരുവി മണിയന്‍ രജനിയുടെ രാഷ്ട്രീയ ഉപദേശകനാണെങ്കിലും മക്കള്‍ മന്‍ട്രവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടില്ല. പല രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള അദ്ദേഹം നിലവില്‍ ഗാന്ധി മക്കള്‍ ഇയക്കമെന്ന സ്വന്തം പാര്‍ട്ടിയുടെ പ്രസിഡന്റാണ്. ബിജെപി ബൗദ്ധിക സെല്‍ സംസ്ഥാന പ്രസിഡന്റായിരുന്ന അര്‍ജുന മൂര്‍ത്തിയുടെ പദവി പലരെയും ഞെട്ടിച്ചു. രജനീകാന്ത് ചീഫ് കോ-ഓര്‍ഡിനേറ്ററായി പ്രഖ്യാപിക്കുന്ന സമയത്താണു മക്കള്‍ മന്‍ട്രം ഭാരവാഹികള്‍ പോലും അദ്ദേഹത്തെ കാണുന്നത്. ആരാധകരുമായി നേരിട്ടു ബന്ധമില്ലാത്തവരെടുക്കുന്ന തീരുമാനങ്ങള്‍ പാളിപ്പോകുമോയെന്ന ആശങ്കയും മക്കള്‍ മന്‍ട്രത്തിനുള്ളിലുണ്ട്.

അതേസമയം രജനീകാന്ത് പാര്‍ട്ടി രൂപീകരിച്ചു നയപരിപാടികള്‍ വ്യക്തമാക്കിയ ശേഷം പ്രതികരിക്കാമെന്നു ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍. ജനാധിപത്യത്തില്‍ പാര്‍ട്ടി രൂപീകരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. സംസ്ഥാനത്തു ജാതി കണക്കെടുപ്പു നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്റ്റണ്ടാണെന്നു സ്റ്റാലിന്‍ പറഞ്ഞു.

പാര്‍ട്ടി പ്രഖ്യാപനത്തിനു മുന്നോടിയായി മുതിര്‍ന്ന സഹോദരന്റെ അനുഗ്രഹം തേടി സൂപ്പര്‍താരം രജനീകാന്ത്. സഹോദരന്‍ ആര്‍. സത്യനാരായണ റാവു (77)വിന്റെ ബെംഗളൂരു വസതിയില്‍ ഞായറാഴ്ച രാത്രിയെത്തിയ താരം ഇന്നലെ പുലര്‍ച്ചെ ചെന്നൈയ്ക്കു മടങ്ങി. 22 വയസ്സുവരെ രജനീകാന്ത് ഈ വീട്ടിലായിരുന്നു താമസം. വാക്കിനു വിലകല്‍പിക്കുന്നയാളാണു രജനിയെന്ന് സത്യനാരായണ റാവു പറഞ്ഞു. ഈ മാസം 31 നാണ് പാര്‍ട്ടി പ്രഖ്യാപനം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7