കളിക്കളത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിക്കുള്ള കഴിവ് വാര്‍ത്തയാകാറുണ്ട്. ഡി.ആര്‍.എസ് തീരുമാനങ്ങള്‍ എടുക്കുന്നതിലും മറ്റും ഇത് ഏവരും കാണാറുണ്ട്. ഡിസിഷന്‍ റിവ്യൂ സിസ്റ്റം എന്ന ഡി.ആര്‍.എസിന്റെ പൂര്‍ണരൂപത്തെ ധോനി റിവ്യൂ സിസ്റ്റം എന്ന് ആരാധകര്‍ പേരുമാറ്റി വിളിച്ചിരുന്നു. ധോനിയുടെ ഈ ഡി.ആര്‍.എസ് മികവ് ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിനെ ചേര്‍ത്ത് വിമര്‍ശിച്ചിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.
ഞായറാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ തെറ്റായ ഡി.ആര്‍.എസ് തീരുമാനത്തിന്റെ പേരിലാണ് ക്രിക്കറ്റ്‌പ്രേമികള്‍ കാര്‍ത്തിക്കിനെ കളിയാക്കുന്നത്. ഹൈദരാബാദിനെതിരായ മത്സരത്തിലെ രണ്ടാം ഓവറിലായിരുന്നു സംഭവം. പിയുഷ് ചൗളയെറിഞ്ഞ ഓവറിലെ അവസാന പന്ത് ഡേവിഡ് വാര്‍ണറുടെ പാഡില്‍ തട്ടി. ഉടന്‍ തന്നെ കൊല്‍ക്കത്ത താരങ്ങള്‍ എല്‍.ബി.ഡബ്ല്യുവിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ക്ക് യാതൊരു താത്പര്യവും ഉണ്ടായിരുന്നില്ല.
എന്നാല്‍ ഉടന്‍ തന്നെ കാര്‍ത്തിക്, ചൗളയുമായി സംസാരിച്ച ശേഷം ഡി.ആര്‍.എസ് ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ റീപ്ലേയില്‍ പന്ത് ലെഗ് സ്റ്റമ്പിന് പുറത്താണ് പിച്ച് ചെയ്തതെന്ന് തെളിഞ്ഞു. കൊല്‍ക്കത്തയ്ക്ക് റിവ്യുവും നഷ്ടമായി.
കാര്‍ത്തിക്കിന് ഇക്കാര്യത്തില്‍ ധോനിയുടെ ക്ലാസ് വേണമെന്ന് തുടങ്ങി നിരവധി ട്രോളുകളാണ് പിന്നീട് ട്വിറ്ററില്‍ നിറഞ്ഞത്. അത് ധോനി റിവ്യു സിസ്റ്റമാണ് ദിനേഷ് റിവ്യു സിസ്റ്റമല്ലെന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഡി.ആര്‍.എസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം റിവ്യു എന്നാണ് ഇതിനെ പലരും വിശേഷിപ്പിച്ചിരിക്കുന്നത്.
Leave a Comment