വി.എസ്. അല്ല..!!! എല്‍ഡിഎഫിന്റെ പ്രചാരണ ചുമതല ഏറ്റെടുത്ത് പിണറായി വിജയന്‍; 140 മണ്ഡലങ്ങളിലും നേരിട്ടെത്തും

തിരുവനന്തപുരം: ഇടത് മുന്നണിയുടെ പ്രചാരണ ചുതല ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. 140 നിയമസഭാ മണ്ഡലം കമ്മിറ്റികളിലും നേരിട്ടെത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ഇറക്കി ജനങ്ങളെ ആകര്‍ഷിക്കുന്നതാണ് ഇടതുപക്ഷത്തിന്റെ സ്ഥിരം പരിപാടിയെന്ന് പൊതുവേ ആരോപണം ഉയരാറുണ്ട്. എന്നാല്‍ ഇനി അതുണ്ടാവില്ല. പ്രചാരണ ചുമതല ഏറ്റെടുത്തതോടെ പിണറായി തരംഗം കേരളത്തിലെങ്ങും സൃഷ്ടിക്കാനാവുമെന്നാണ് കരുതുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സിപിഎമ്മിനും നിര്‍ണ്ണായകമാണ്. കൂടുതല്‍ സാധ്യതയുള്ള കേരളത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തുന്നത്.

കേരളത്തിലെ നൂറ്റിനാല്‍പ്പത് നിയോജക മണ്ഡലങ്ങളിലും നേരിട്ടെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. കമ്മിറ്റി അംഗങ്ങളോട് പ്രവര്‍ത്തന റിപ്പോര്‍ട്ടുമായെത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വീഴ്ചകളും പോരായ്മകളും മുഖ്യമന്ത്രി വിലയിരുത്തും. രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ സമയമെടുത്താണ് യോഗങ്ങള്‍ ചേരുന്നത്.

സിപിഎം കമ്മിറ്റി യോഗങ്ങളിലാണ് പങ്കെടുക്കുന്നതെങ്കിലും ഇടതുമുന്നണിയിലെ മറ്റു കക്ഷികളുടെ പ്രവര്‍ത്തനവും മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ട്. പ്രമുഖരെ നേരിട്ട് കാണാനും സമയം കണ്ടെത്തുന്നുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ യോഗങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

pathram:
Related Post
Leave a Comment