നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പേ സംഭവം വിവാദമാക്കിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ രംഗത്തെത്തി. തന്റെ അറിവില്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടില്ലെന്ന് പി സി ചാക്കോ പറഞ്ഞു. വയനാട്ടില്‍ മത്സരിക്കണമെന്ന കെപിസിസി നിര്‍ദേശത്തോട് രാഹുല്‍ഗാന്ധി അനുകൂല നിലപാട് എടുത്തതായി അറിയില്ല.

ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഏറ്റവുമധികം രൂക്ഷമായ സീറ്റാണ് വയനാട്. രാഹുലിനെ ക്ഷണിച്ചത് കോണ്‍ഗ്രസുകാരുടെ വികാരമാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ സമ്മതം അറിയിച്ചു എന്നുള്ള വ്യാജേന പ്രചാരണം നടക്കുന്നുണ്ടെന്നും അത് ഒരിക്കലും പാടില്ലായിരുന്നുവെന്നും പി സി ചാക്കോ പറഞ്ഞു.എന്നാല്‍ ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍ രാഹുല്‍ മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നും പി സി ചാക്കോ പറഞ്ഞു. കേരളത്തില്‍ നിന്നു മാത്രമല്ല മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സ്ഥാനാര്‍ത്ഥിയാകാന്‍ രാഹുലിന് ക്ഷണമുണ്ട്.

തമിഴ്‌നാടും കര്‍ണാടകയും രാഹുലിന് വേണ്ടി സീറ്റ് ഒഴിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി അന്തിമതീരുമാനം എടുക്കുന്നതിന് മുമ്പ് ഇതേപ്പറ്റി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും പി സി ചാക്കോ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നതിന് സമ്മതം അറിയിച്ചതായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ കേന്ദ്രനേതൃത്വം വ്യക്തമായ വിശദീകരണം നല്‍കാത്തതാണ് അനിശ്ചിതത്വത്തിന് കാരണമായത്. അതേ സമയം രാഹുല്‍ കേരളത്തില്‍ മത്സരിക്കാനെത്തുന്നതിനെതിരെ സിപിഎം നേതാക്കളും രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular