തിരുവല്ല: പത്തനംതിട്ട മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന പ്രചാരണത്തിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. ഇതുവരെ ബി.ജെ.പിയില്‍ നിന്നും ഇക്കാര്യം പറഞ്ഞ് ആരും തന്നെ സമീപിച്ചിട്ടില്ല. പ്രചാരണം അസംബന്ധണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് കണ്ടെത്തണം. കോണ്‍ഗ്രസിലെ തന്റെ സുഹൃത്തുക്കളാണോ ഇതിന് പിന്നിലെന്നും പരിശോധിക്കേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു.
രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നപ്പോള്‍ ഇതിനേക്കാള്‍ വലിയൊരു തിരഞ്ഞെടുപ്പില്‍ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഓഫര്‍ വന്നതാണ്. മറ്റൊരു പാര്‍ട്ടില്‍ നിന്ന് മത്സരിക്കണമെങ്കില്‍ അന്ന് സ്വീകരിക്കാമായിരുന്നു. താന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുവെന്ന പ്രചാരണം അസംബന്ധമാണ് കുര്യന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നു ചോദിച്ചതാണ്. ഇല്ലെന്നാണ് താന്‍ നേതൃത്വത്തെ അറിയിച്ചത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് എ.ഐ.സി.സി സെക്രട്ടറി മുകുള്‍ വാസ്‌നികിനോട് ഇക്കാര്യം വ്യക്തമാക്കിയതാണ്. രമേശ് ചെന്നിത്തലയോടും സംസാരിച്ചിട്ടുണ്ട്. ഡല്‍ഹിയിലും പറഞ്ഞിട്ടുണ്ട്, തിരുവനന്തപുരത്തും പറഞ്ഞിട്ടുണ്ട്.
ഞാന്‍ കോണ്‍ഗ്രസുകാരനാണ്. മത്സരിക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസുകാരനായിട്ടേ മത്സരിക്കൂ. ഇപ്പോള്‍ നടക്കുന്ന പ്രചാരണം അസംബന്ധമാണ്. ഇന്നും ഇക്കാര്യം വാര്‍ത്തയായിട്ടുണ്ട്. ആരും ഇതേക്കുറിച്ച് തന്നോട് ചോദിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ സീറ്റ് വേണ്ടാ എന്നു പറഞ്ഞിട്ട് മറ്റ് പാര്‍ട്ടികാരുടെ പിന്നാലെ പോകണോ കുര്യന്‍ ചോദിച്ചു. പത്തനംതിട്ടയില്‍ ആന്റോ ആന്റണി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.