കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ കടന്നാക്രമിച്ച് ഗംഭീര്‍

ഐപിഎല്ലില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് കൊല്‍ക്കത്ത മുന്‍ നായകന്‍ ഗൗതം ഗംഭീര്‍. ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനായ എംഎസ് ധോണിയുടെയോ മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മയുടെയോ മികവില്ലെന്ന് ഗംഭീര്‍ പറഞ്ഞു.

ക്യാപ്റ്റനനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിലെ തന്റെ സഹതാരങ്ങള്‍ കൂടിയായ എംഎസ് ധോണിയുടെയോ രോഹിത് ശര്‍മയുടെയോ കുശാഗ്ര ബുദ്ധിയോ തന്ത്രങ്ങളോ ഇല്ലാത്ത നായകനാണ് കോലി. ഐപിഎല്ലില്‍ ഇതുവരെ ഒരുതവണ പോലും കിരീടം നേടാന്‍ കോലിക്ക് കീഴില്‍ ബംഗലൂരുവിന് കഴിഞ്ഞിട്ടുമില്ല. ഐപിഎല്ലില്‍ രോഹിത്തും ധോണിയുമെല്ലാം മൂന്ന് കിരീടങ്ങള്‍ വീതം നേടിയിട്ടുണ്ട്. അതിനര്‍ഥം ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ കോലി ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്നുതന്നെയാണ്.

ഈ സാഹചര്യത്തില്‍ ധോണിയുമായും രോഹിത്തുമായും കോലിയുടെ ക്യാപ്റ്റന്‍സിയെ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും ഗംഭീര്‍ പറഞ്ഞു. ബംഗലൂരു നായകനായി എട്ടു വര്‍ഷമായിട്ടും ഐപിഎല്ലില്‍ ഇതുവരെ ഒരുതവണപോലും കിരീടം നേടാന്‍ കോലിക്കായിട്ടില്ല. കിരീടം നേടിയില്ലെങ്കിലും ക്യാപ്റ്റന്‍ സ്ഥാനം തെറിക്കാത്ത കോലി ഭാഗ്യവാനാണെന്നും ഗംഭീര്‍ പറഞ്ഞു. കിരീടം നേടാതെ ഇത്രയും സീസണുകളായിട്ടും ഐപിഎല്ലില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടര്‍ന്നവര്‍ അധികമൊന്നുമില്ലെന്നും ഗംഭീര്‍ പറഞ്ഞു.

എന്നാല്‍ ക്രിക്കറ്റിന്റ ഏത് ഫോര്‍മാറ്റിലും മികവുകാട്ടുന്ന കോലി തന്നെയാണ് ബംഗലൂരു നായകനായി ഇരിക്കാന്‍ ഏറ്റവും യോഗ്യനെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ സൗരവ് ഗാംഗുലി വ്യക്തമാക്കി. കോലിയെ എത്രകാലത്തേക്ക് ക്യാപ്റ്റനാക്കിയാലും ബംഗലൂരുവിന് നഷ്ടമൊന്നുമില്ലെന്നും ഈ സീസണില്‍ കോലിയും ബംഗലൂരുവും മികവ് കാട്ടുമെന്നും ഗാംഗുലി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7