ഐസിസി ഏകദിന ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും. ബൗളര്‍മാരുടെ പട്ടികയില്‍ ജസ്പ്രീത് ബുംമ്രയും ഒന്നാം റാങ്ക് നിലനിര്‍ത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര 32 ന് നഷ്ടമായിട്ടും റാങ്ക് പട്ടികയില്‍ മുന്‍ സ്ഥാനങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ് കയ്യാളുന്നത് എന്നതും ശ്രദ്ധേയം. അഞ്ചു മത്സരങ്ങളിലായി കോഹ്‌ലി 310 റണ്‍സും രോഹിത് ശര്‍മ്മ 202 റണ്‍സും നേടിയിരുന്നു.
ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടും അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാനും ബുംമ്രയ്ക്ക് കടുത്ത മത്സരം ഉയര്‍ത്തിയിരുന്നു. എങ്കിലും ഓസീസ് പരമ്പരയിലുള്‍പ്പെടെ മികച്ച പ്രകടനം പുറത്തെടുത്ത ബുംമ്ര ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. കേദാര്‍ ജാദവ് 11 സ്ഥാനങ്ങള്‍ മുന്നോട്ട് കയറി കരിയറിലെ ഏറ്റവും മികച്ച റാങ്കായ 24 ല്‍ എത്തി. ഓസീസിനെതിരായ ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ പുറത്താകാതെ 81 റണ്‍സും, മൊഹാലിയിലെ നാലാം ഏകദിനത്തിലും ഡല്‍ഹിയില്‍ നടന്ന അവസാന മത്സരത്തിലും 44 റണ്‍സും നേടി ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടിടത്താണ് കേദാര്‍ ജാദവിന്റെ നിര്‍ണായക പ്രകടനം നടത്തിയത്.
ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ ക്വിന്റോണ്‍ ഡി കോക്ക് ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തി. കേപ് ടൗണില്‍ അവസാനിച്ച ശ്രീലങ്കയ്‌ക്കെതിരായ പരമ്പര 50 ന് നേടിയ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മിന്നും പ്രകടനമാണ് ഡി കോക്കിനെ നാലാം സ്ഥാനത്ത് എത്തിച്ചത്്. 26 കാരനായ വിക്കറ്റ് കീപ്പറും ബാറ്റസ്മാനുമായ ഡി കോക്ക് പരമ്പരയില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 353 റണ്‍സ് നേടിയിരുന്നു.