തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എന്നീ മുന്‍നിര നേതാക്കളുടെ കടുംപിടിത്തം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വൈകിക്കുന്നതായി റിപ്പോര്‍ട്ട്. ഇവര്‍ ഹൈക്കമാന്‍ഡിന് ഉത്തരംനല്‍കാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ മുന്നോട്ടുപോകാത്ത അവസ്ഥയിലാണ്. പുറത്ത് പറയുന്നതുപോലെ മൂന്നുപേരും മത്സരിക്കുന്നില്ലെന്ന നിലപാടാണ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലും സ്വീകരിച്ചത്. എന്നാല്‍, അത് അന്തിമവാക്കാകണമെന്നില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ തീരുമാനമാണ് പ്രധാനം.
ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ ഉമ്മന്‍ചാണ്ടിക്ക് ഒഴിഞ്ഞുനില്‍ക്കാനാകില്ല. മാറിനിന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവയ്ക്കുന്നുവെന്ന സന്ദേശം അതിനുണ്ടാകും. അത്തരമൊരു ധാരണ പടരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളിലൊന്നായിരിക്കും തിരഞ്ഞെടുക്കുക.
കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയ്ക്കാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാറിനില്‍ക്കുന്നതെങ്കിലും വടകരയിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം മാറ്റാന്‍ സമ്മര്‍ദം ചെലുത്തുന്നത്. മുല്ലപ്പള്ളിയെങ്കില്‍ പൂര്‍ണ പിന്തുണയെന്ന് ആര്‍.എം.പി. പറയുകകൂടി ചെയ്തതോടെ സമ്മര്‍ദം മുറുകി. മുല്ലപ്പള്ളിയെ ഒഴിവാക്കാനാണ് തീരുമാനമെങ്കില്‍ കെ.കെ. രമയെ പിന്തുണയ്ക്കണമെന്ന നിര്‍ദേശവും കോണ്‍ഗ്രസ് പരിഗണിക്കുന്നു.
കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് അദ്ദേഹം മറ്റെങ്ങും മത്സരിക്കില്ല എന്നര്‍ഥമാക്കേണ്ടെന്ന് പറഞ്ഞ മുല്ലപ്പള്ളി പിന്നീട് തിരുത്തി. വേണു മത്സരിക്കേണ്ടതിന്റെ ആവശ്യകതയാണ് താന്‍ സൂചിപ്പിച്ചതെന്നായിരുന്നു തിരുത്ത്.
സാമുദായിക സന്തുലനം നോക്കി ആറ്റിങ്ങലിലേക്ക് നിര്‍ദേശിക്കപ്പെട്ട അടൂര്‍ പ്രകാശിനെ ആലപ്പുഴയിലേക്കും പരിഗണിക്കുന്നു. പകരം ആറ്റിങ്ങലില്‍ മുസ്ലിം സമുദായത്തില്‍നിന്ന് സ്ഥാനാര്‍ഥി വന്നേക്കാം.
ചാലക്കുടിയില്‍ പി.സി. ചാക്കോ, ബെന്നി ബഹനാന്‍ എന്നിവരാണ് പരിഗണനയില്‍. തൃശ്ശൂരില്‍ ടി.എന്‍. പ്രതാപനും പാലക്കാട്ട് വി.കെ. ശ്രീകണ്ഠനുമാണ് മുന്‍തൂക്കം. ആലത്തൂരില്‍ എ.പി. അനില്‍കുമാര്‍ എം.എല്‍.എ.യുടെ പേര് സജീവമായി പരിഗണിക്കുന്നു. വയനാട്ടില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരുമുണ്ട്. ടി. സിദ്ദിഖ് വയനാട്ടിലേക്കും കാസര്‍കോട്ടേക്കുമുള്ള പട്ടികയിലുണ്ട്.
സാധ്യതാപട്ടിക പുറത്തുവന്നെങ്കിലും മുതിര്‍ന്ന മൂന്നുനേതാക്കളുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമതീരുമാനമെടുത്താലേ മറ്റുസീറ്റുകളിലും ധാരണയാകൂ. രാഹുല്‍ ഗാന്ധി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കേരളത്തിലുണ്ട്. ഈ ദിവസങ്ങളില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടായാല്‍ വെള്ളിയാഴ്ച ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റിയില്‍ അന്തിമതീരുമാനമുണ്ടാകും. അല്ലെങ്കില്‍ തീരുമാനം ഇരുപതിനേ ഉണ്ടാകൂ. രാഹുലിന് സൗകര്യപ്രദമായ തീയതി പിന്നീട് 20 ആണെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.