കോട്ടയം: കോട്ടയം സ്ഥാനാര്‍ഥിയെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ച് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ മുന്നോട്ട്. പി.ജെ. ജോസഫിന്റെ ആവശ്യം തള്ളി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി, തോമസ് ചാഴിക്കാടന്‍ എന്ന ‘തുരുപ്പ് ചീട്ട്’ ഇറക്കിയത് വെറുതെയല്ല..!!! ജോസഫിനേക്കാള്‍ ശക്തന്‍ എന്ന നിലയില്‍ ചാഴിക്കാടന്റെ കയ്യില്‍ കോട്ടയം സീറ്റ് ഭദ്രമാണെന്ന് മാണിക്കറിയാം. അതുകൊണ്ടുതന്നെ പ്രചാരണ പരിപാടികള്‍ യുഡിഎഫ് തുടങ്ങിക്കഴിഞ്ഞു. തികഞ്ഞ വിജയപ്രതീക്ഷയില്‍ ആണ് തോമസ് ചാഴിക്കാടന്റെ വോട്ടുപിടിത്തം. കോട്ടയം അരമനയിലെ സന്ദര്‍ശനത്തോടെയാണ് ചാഴിക്കാടന്‍ പ്രചാരണം തുടങ്ങിയത്. തുടര്‍ന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കണ്ട ചാഴിക്കാടന്‍ തികഞ്ഞ വിജയ പ്രതീക്ഷയാണ് പങ്കുവച്ചത്. പി.ജെ. ജോസഫിനെ നേരില്‍ കണ്ട് പിന്തുണ ഉറപ്പിക്കുമെന്നും ചാഴികാടന്‍ പറഞ്ഞു. പ്രധാനപ്പെട്ട വ്യക്തികളെയും നേതാക്കളെയും നേരിലും ഫോണിലും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ചാഴിക്കാടന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ജനാധിപത്യ രീതിയില്‍ തന്നെ ആയിരുന്നു. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും തോമസ് ചാഴിക്കാടന്‍ പറഞ്ഞു.
ഇന്നലെ രാത്രിയോടെയാണ് പി ജെ ജോസഫിനെ വെട്ടി കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി മാണി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ കടുത്ത അമര്‍ഷം രേഖപ്പെടുത്തി പി ജെ ജോസഫ് രംഗത്തെത്തുകയും ചെയ്തിരുന്നു. തനിക്ക് കോട്ടയത്ത് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ജോസഫ് വ്യക്തമാക്കിയിട്ടും മണ്ഡലത്തില്‍ മറ്റൊരാളെ പ്രഖ്യാപിക്കുകയായിരുന്നു മാണി. ഇതേച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമായിരിക്കുകയുമാണ്. എന്നാല്‍ മാണിയുടെ തീരുമാനം ശരിയാണെന്നാണ് മുതിര്‍ന്ന നേതാക്കളും രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. ജോസഫിനെക്കാള്‍ ശക്തന്‍ തോമസ് ചാഴിക്കാടന്‍ തന്നെയാണെന്ന് അണികളും പറയുന്നു.
രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പ് തിരക്കുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു തോമസ് ചാഴിക്കാടന്‍. രാഷ്ട്രീയത്തില്‍ തീരെ താല്‍പര്യമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, രാഷ്ട്രീയക്കാരായ സഹോദരന്‍മാരുടെ ഭാവിയെ ഓര്‍ത്ത് തോമസ് ചാഴിക്കാടന്‍ പലപ്പോഴും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സഹോദരന്‍ ബാബു ചാഴിക്കാടന്റെ പെട്ടെന്നുള്ള മരണം അദ്ദേഹത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചു. പകരക്കാരനായി ഏറ്റുമാനൂരില്‍ മത്സരിച്ച തോമസ് ചാഴിക്കാടന്‍ തുടര്‍ച്ചയായി നാലുതവണ നിയമസഭയിലെത്തി.
1991 മേയ് 15നായിരുന്നു തോമസ് ചാഴിക്കാടന്റെ ജീവിതരേഖ മാറ്റിവരച്ച ആ ദിനം. ഏറ്റുമാനൂര്‍ ലോക്സഭാ മണ്ഡലത്തിലെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ബാബു ചാഴിക്കാടന്‍, അന്ന് കോട്ടയം എംപിയായിരുന്ന രമേശ് ചെന്നിത്തലയുമൊത്ത് പ്രചരണ പരിപാടിയുടെ ഭാഗമായി ആര്‍പ്പൂക്കര വാരിമുട്ടത്തെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ഇടിമിന്നലില്‍ ബാബു ചാഴിക്കാടനു ഇടിമിന്നലേറ്റു. ഒപ്പമുണ്ടായിരുന്ന രമേശ് ചെന്നിത്തല തെറിച്ചുവീണു. നേതാക്കളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ബാബു ചാഴിക്കാടന്‍ ലോകത്തോട് വിടപറഞ്ഞിരുന്നു.
മാറ്റിവച്ചശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പകരക്കാരനായി തോമസ് ചാഴിക്കാടന്‍ സ്ഥാനാര്‍ഥിയായി. അങ്ങനെ രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാതിരുന്ന അദ്ദേഹം, മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി മാറി. 1991 ഉപതെരഞ്ഞെടുപ്പില്‍ വൈക്കം വിശ്വനെ 889 വോട്ടുകള്‍ക്കാണ് തോമസ് ചാഴിക്കാടന്‍ പരാജയപ്പെടുത്തിയത്. 1996ല്‍ വൈക്കം വിശ്വന്‍ (ഭൂരിപക്ഷം-13873), 2001ല്‍ തമ്പി പൊടിപാറ (ഭൂരിപക്ഷം-20144), 2006ല്‍ കെ എസ് കൃഷ്ണന്‍കുട്ടി നായര്‍ (ഭൂരിപക്ഷം-4950) എന്നിവരെ പരാജയപ്പെടുത്തി.
മണ്ഡല പുനഃര്‍നിര്‍ണയത്തിനുശേഷം നടന്ന 2011 തെരഞ്ഞെടുപ്പില്‍ ഇടതുഭൂരിപക്ഷ മേഖലയായ കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകള്‍ മണ്ഡലത്തോടു കൂട്ടിച്ചേര്‍ക്കപ്പെടുകയും കുമാരനെല്ലൂര്‍ പഞ്ചായത്ത് അടര്‍ത്തിമാറ്റപ്പെടുകയും ചെയ്തു. ഇതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സുരേഷ് കുറുപ്പിനോടു 1801 വോട്ടുകള്‍ക്കു പരാജയപ്പെട്ടു.
എംഎല്‍എ ആയിരുന്ന കാലഘട്ടത്തില്‍, നിയമസഭയുടെ പെറ്റീഷന്‍സ് കമ്മിറ്റി, കമ്മിറ്റി ഓണ്‍ പേപ്പേഴ്സ് ലെയ്ഡ് ഓണ്‍ ടേബിള്‍ എന്നീ നിയമസഭാ കമ്മിറ്റികളുടെ ചെയര്‍മാനായി. പബ്ലിക്സ് അക്കൗണ്ട്സ് കമ്മിറ്റി, കൃഷിയും ജലസേചനവും വൈദ്യുതിയും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി, ലോക്കല്‍ ഫണ്ട് ഓഡിറ്റ് കമ്മിറ്റി, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത അവസരത്തില്‍ നിയമസഭയില്‍ അദ്ധ്യക്ഷ സ്ഥാനത്തിരിക്കേണ്ട മൂന്നുപേരുടെ പാനല്‍ ഓഫ് ചെയര്‍മാന്മാരില്‍ ഒരാളായി രണ്ടു പ്രാവശ്യം സ്പീക്കര്‍ നോമിനേറ്റ് ചെയ്തു.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം, കേരള കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇടതുസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ സമരം ചെയ്തതിന് ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫ് നേതാക്കള്‍ക്കുമൊപ്പം എന്നിവരോടൊപ്പം ഒരാഴ്ചക്കാലം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജയില്‍വാസം അനുഭവിച്ചു. കോട്ടയം ജില്ലാ സഹകരണ ആശുപത്രി സംഘം പ്രസിഡന്റായിരുന്നു.
ബാബു ചാഴിക്കാടന്‍ ഫൗണ്ടേഷന്റെ വൈസ് ചെയര്‍മാനാണ്. ഏറ്റുമാനൂര്‍ വേദഗിരിയില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ. ലിമിറ്റഡ് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (കെ.റ്റി.യു.സി.) പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. കേരളാ ഷോപ്പ്സ് ആന്റ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലീഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫയര്‍ഫണ്ട് ബോര്‍ഡ് ചെയര്‍മാനായി 2012 ജനുവരിയില്‍ കേരള സര്‍ക്കാര്‍ നിയമിച്ചു. കേരള കോണ്‍ഗ്രസ്എം. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഇദ്ദേഹം ഇപ്പോള്‍ കേരളകോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗമാണ്.
ഇതെല്ലാം കൊണ്ടുതന്നെ ജോസഫിനെക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ തന്നെയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ലമെന്റില്‍ മികച്ച പ്രകടനം നടത്താന്‍ തോമസ് ചാഴിക്കാടനെ കൊണ്ടു മാത്രമെ കഴിയുകയുള്ളൂവെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കി.
അതേസമയം, കേരള കോണ്‍ഗ്രസ് നിര്‍ത്തുന്നത് മികച്ച സ്ഥാനാര്‍ത്ഥിയെയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശനും പറഞ്ഞു. കേരള കോണ്‍ഗ്രസ് ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. നിലവില്‍ കേരള കോണ്‍ഗ്രസിലുള്ളത് ആഭ്യന്തര പ്രശ്നം മാത്രമാണെന്നും സതീശന്‍ ദില്ലിയില്‍ പറഞ്ഞു. നിലവില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ആവശ്യമുണ്ടെന്ന് ഘടക കക്ഷികള്‍ക്ക് തന്നെ അറിയാമെന്നും സതീശന്‍ വ്യക്തമാക്കി.
അതിനിടെ, ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ അതൃപ്തിയില്‍ തുടരുന്ന പി.ജെ. ജോസഫിനെ തള്ളി കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി രംഗത്തെത്തി. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയത് സ്റ്റിയറിങ് കമ്മിറ്റിയാണെന്ന് ജോസ് കെ. മാണി പറഞ്ഞു. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയാണ് സ്റ്റിയറിങ് കമ്മിറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബുധനാഴ്ച പി.ജെ. ജോസഫുമായി ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് പി.ജെ. ജോസഫ് പറഞ്ഞു.