ഇന്ത്യന്‍ ആരാധകര്‍ മറക്കില്ല, ടേണറെ..!!!! മൊഹാലിയിലെ ഇന്ത്യന്‍ മോഹങ്ങള്‍ തകര്‍ത്തത് കരിയറിലെ രണ്ടാമത്തെ ഏകദനം കളിക്കുന്ന ഓസിസ് യുവതാരം ടേണര്‍..!!!
മൊഹാലി: 359 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി വെല്ലുവിളിച്ച ഇന്ത്യയെ നാലു വിക്കറ്റും 13 പന്തും ബാക്കിനിര്‍ത്തിയാണ് ഓസീസ് തകര്‍ത്തുവിട്ടു. രാജ്യാന്തര കരിയറിലെ തന്റെ രണ്ടാമത്തെ ഏകദിനത്തില്‍ ഇന്ത്യയുടെ അഹങ്കാരത്തെ തച്ചുടച്ചത്… ആഷ്ടണ്‍ ടേണര്‍..!! കന്നി ഏകദിന സെഞ്ചുറിയുമായി പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബും സെഞ്ചുറിക്ക് ഒന്‍പതു റണ്‍സ് മാത്രം അകലെ ഇടറി വീണ ഉസ്മാന്‍ ഖവാജയും തെളിച്ച വഴിയെ ഓസീസിനെ മുന്നോട്ടുനയിച്ച ആഷ്ടണ്‍ ടേണറിന്റെ മികവില്‍ ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചു.
ഓപ്പണര്‍ ശിഖര്‍ ധവാന്റെ സെഞ്ചുറിയുടെയും (115 പന്തില്‍ 143), രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെയും (92 പന്തില്‍ 95) കരുത്തില്‍ 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 358 റണ്‍സെടുത്തത്. മറുപടി ബാറ്റിങ്ങില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (105 പന്തില്‍ 117), ഉസ്മാന്‍ ഖവാജ (99 പന്തില്‍ 91) എന്നിവര്‍ അടിത്തറയിട്ട ഓസീസ് ഇന്നിങ്‌സിന്, അവസാന ഓവറുകളിലെ കത്തിക്കാളലിലൂടെ ആഷ്ടണ്‍ ടേണര്‍ വിജയമധുരം പകര്‍ന്നു. 42 പന്തുകള്‍ നേരിട്ട ടേണര്‍, അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 82 റണ്‍സോടെ പുറത്താകാതെ നിന്നു. ഏകദിനത്തില്‍ ടേണറിന്റെ ഉയര്‍ന്ന സ്‌കോറാണിത്. ഗ്ലെന്‍ മാക്‌സ്!വെല്‍ (13 പന്തില്‍ 23), അലക്‌സ് കാരി (15 പന്തില്‍ 21) എന്നിവരുടെ ഇന്നിങ്‌സുകളും ഓസീസ് വിജയത്തില്‍ നിര്‍ണായകമായി. ഇതോടെ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് ഇന്ത്യയ്‌ക്കൊപ്പമെത്തി (2–2).
വിക്കറ്റിനു പിന്നില്‍ സ്റ്റംപിങ് അവസരങ്ങള്‍ പാഴാക്കിയ ഋഷഭ് പന്ത്, നിര്‍ണായക ഘട്ടത്തില്‍ ക്യാച്ചുകള്‍ കൈവിട്ട് ഓസീസിനെ ‘സഹായിച്ച’ കേദാര്‍ ജാദവ്, ശിഖര്‍ ധവാന്‍ തുടങ്ങിയവരുടെ പിഴവുകളും നിര്‍ണായകമായി. ഇതോടെ ബുധനാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന അഞ്ചാം ഏകദിനം ഫൈനലായി മാറി.
നേരത്തെ, ആശങ്കയേറെ സമ്മാനിച്ചൊരു ഇടവേളയ്ക്കുശേഷം ശിഖര്‍ ധവാന്റെയും രോഹിത് ശര്‍മയുടെയും ബാറ്റുകള്‍ തീതുപ്പിയ ആവേശപ്പോരാട്ടത്തിലാണ് ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ ഇന്ത്യ 359 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. മൊഹാലിയില്‍ നടക്കുന്ന നാലാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് 358 റണ്‍സെടുത്തത്. 16–ാം ഏകദിന സെഞ്ചുറി കുറിച്ച ധവാന്റെയും (115 പന്തില്‍ 143), അര്‍ഹിച്ച സെഞ്ചുറിക്ക് അഞ്ചു റണ്‍സ് അകലെ പുറത്തായ രോഹിത് ശര്‍മയുടെയും (92 പന്തില്‍ 95) പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 31 ഓവറില്‍ 193 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഇരുവരും പുറത്തായശേഷം പ്രതീക്ഷിച്ചപോലെ റണ്‍ നിരക്ക് ഉയര്‍ത്താനായില്ലെങ്കിലും ലോകേഷ് രാഹുല്‍ (31 പന്തില്‍ 26), ഋഷഭ് പന്ത് 24 പന്തില്‍ 36), വിജയ് ശങ്കര്‍ (15 പന്തില 26) എന്നിവരാണ് ഇന്ത്യന്‍ സ്‌കോര്‍ 350 കടത്തിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്!ലി (ആറു പന്തില്‍ ഏഴ്), കേദാര്‍ ജാദവ് (12 പന്തില്‍ 10), ഭുവനശ്വര്‍ കുമാര്‍ (രണ്ടു പന്തില്‍ ഒന്ന്), യുസ്‌വേന്ദ്ര ചാഹല്‍ (പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി. ഓസീസിനായി പാറ്റ് കമ്മിന്‍സ് അഞ്ചു വിക്കറ്റ് വീഴ്ത്തി. 10 ഓവറില്‍ 70 റണ്‍സ് വഴങ്ങിയാണ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് നേട്ടം. ഇന്നിങ്‌സിലെ അവസാന പന്തു മാത്രം നേരിട്ട ജസ്പ്രീത് ബുമ്ര സിക്‌സ് നേടിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് വിരാമമിട്ടത്.
Leave a Comment