എം.വി. ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകും; പി.ശശിയും നേതൃനിരയിലേക്ക്

കണ്ണൂര്‍: നിലവിലെ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായതോടെ ജി്ല്ലാ സെക്രട്ടറി സ്ഥാനമൊഴിയുമെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാര്‍ട്ടി സംസ്ഥാനകമ്മിറ്റി അംഗവുമായ എം.വി. ജയരാജന്‍ ജില്ലാസെക്രട്ടറിയുടെ ചുമതലയേല്‍ക്കും.

അച്ചടക്കനടപടിക്കുശേഷം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ സി.പി.എം. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശി വീണ്ടും നേതൃനിരയിലേക്ക്. തിങ്കളാഴ്ച ചേരുന്ന ജില്ലാകമ്മിറ്റിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തും. ഇക്കാര്യത്തില്‍ ജില്ലാനേതൃത്വം സംസ്ഥാന കമ്മിറ്റിയോട് ആഴ്ചകള്‍ക്കുമുമ്പ് അനുമതി തേടിയിരുന്നു. നിലവില്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.

പെരുമാറ്റദൂഷ്യ ആരോപണത്തിന്റെ പേരില്‍ 2011ലാണ് പി. ശശിയെ മാറ്റി പി. ജയരാജന്‍ ജില്ലാ സെക്രട്ടറിയാവുന്നത്. 2011 ജൂലായില്‍ ശശിയെ പുറത്താക്കി. സി.പി.എമ്മില്‍ രൂക്ഷമായ വിഭാഗീയത നിലനിന്ന സാഹചര്യം കൂടിയായിരുന്നു അത്. ശശിക്കെതിരേ ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാര്‍ നല്‍കിയ കേസില്‍ 2016ല്‍ അദ്ദേഹം കുറ്റവിമുക്തനായി. തുടര്‍ന്ന് അദ്ദേഹത്തെ തലശ്ശേരി കോടതി അഭിഭാഷക ബ്രാഞ്ചില്‍ ഉള്‍പ്പെടുത്തി. അഭിഭാഷകരുടെ സംഘടനയായ ഡെമോക്രാറ്റിക് ലോയേഴ്‌സ് യൂണിയന്റെ ജില്ലാ പ്രസിഡന്റുമായി.

പാര്‍ട്ടിയില്‍നിന്ന് പുറത്തായശേഷം അഭിഭാഷകന്‍ എന്നനിലയില്‍ പാര്‍ട്ടിയുടെ ഒട്ടേറെ കേസുകള്‍ കൈകാര്യം ചെയ്തു. ഗ്ലോബല്‍ ലോയേഴ്‌സ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിനും നേതൃത്വം നല്‍കി.

അതിനിടെ, വിദൂരവിദ്യാഭ്യാസത്തിലൂടെ എം.ബി.എ. ബിരുദമെടുത്തു. തുടര്‍ന്നു ജേണലിസത്തില്‍ ബിരുദാനന്തരബിരുദവും നേടി. പുറത്താകുമ്പോള്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

pathram:
Related Post
Leave a Comment