തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരെ കെഎസ്ആര്‍ടിസിയില്‍ ലീവ് വേക്കന്‍സിയില്‍ നിയമിക്കും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ ജീവനക്കാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു.
ഒന്നരമാസത്തിലധികമായി നീണ്ടുനിന്ന സമരമാണ് ഇപ്പോള്‍ അവസാനിപ്പിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ 1300ഓളം ജീവനക്കാര്‍ അവധിയിലാണ്. സ്ഥിര ജീവനക്കാരില്‍ 800ഓളം പേര്‍ അവധിയിലുണ്ട്. 400ഓളം പേരാണ് അപകടത്തില്‍പ്പെട്ട് അവധിയെടുത്തിരിക്കുന്നത്. പുതുതായി എത്തിയ കണ്ടക്ടര്‍മാരില്‍ 100 പേര്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ചിട്ടുണ്ട്. അതിനിടെ സ്ഥിരം ജീവനക്കാര്‍ അവധിയെടുക്കുന്ന പതിവുമുണ്ട്. അവരുടെ ഒഴിവിലേക്ക് ജീവനക്കാരെ നിയമിക്കാനാണ് തീരുമാനമായിരിക്കുന്നത്.
ലീവ് വേക്കന്‍സിയിലേക്ക് എംപാനല്‍ തയാറാക്കാനാണ് ഗതാഗതമന്ത്രി കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ഥിരം ജീവനക്കാര്‍ അവധിയെടുക്കുന്ന ദിവസം പാനലിലുള്ളവര്‍ക്ക് ജോലിക്ക് കയറാമെന്ന തരത്തില്‍ ഒരു താല്‍ക്കാലിക ക്രമീകരണമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.