കളിക്കാരുടെ വാര്‍ഷിക കരാറില്‍ ലോട്ടറിയടിച്ച് പേസ് ബൗളര്‍ ജസ്പ്രീത് ബൂംറ. ബി.സി.സി.ഐ.യുടെ താത്കാലിക ഭരണസമിതി തയ്യാറാക്കിയ പുതിയ വാര്‍ഷിക കരാര്‍ പട്ടികയില്‍ എ പ്ലസ് കാറ്റഗറിയില്‍ ബൂംറയെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
2018 ഒക്‌ടോബര്‍ മുതല്‍ 2019 സെപ്തംബര്‍ വരെയാണ് കരാര്‍ കാലാവധി. ഇതനുസരിച്ച് ഏഴ് കോടി രൂപയാണ് ബൂംറയ്ക്ക് പ്രതിഫലം ലഭിക്കുക. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് ഇപ്പോള്‍ എ പ്ലസ് കാറ്റഗറിയിലുള്ളത്. മുന്‍ നായകന്‍ എം.എസ്. ധോനി അടക്കമുള്ള ഇന്ത്യന്‍ ടീമിലെ പത്തംഗങ്ങള്‍ അഞ്ച് കോടി രൂപ പ്രതിഫലം ലഭിക്കുന്ന എ കാറ്റഗറിയിലാണുള്ളത്.
വിക്ക്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്താണ് കരാറില്‍ നേട്ടം കൊയ്ത മറ്റൊരു താരം. ധോനിക്കൊപ്പം എ ഗ്രേഡ് കരാറില്‍ ഇടംപിടിക്കാന്‍ ധോനിക്കായി. ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, കുല്‍ദീപ് യാദവ് എന്നിവരാണ് എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട മറ്റ് താരങ്ങള്‍. ടി.വി ഷോയിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ കെ. എല്‍. രാഹുലിനെയും ഹര്‍ദിക് പാണ്ഡ്യയെയും മൂന്ന് കോടി രൂപ പ്രതിഫലം ലഭിക്കുന്ന ബി കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയത്. പേസ് ബൗളര്‍ ഉമേഷ് യാദവും യൂസ്‌വേന്ദ്ര ചാഹലുമാണ് ഈ കാറ്റഗറിയിലുള്ളത്.
അമ്പാട്ടി റായിഡു, കേദര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്, മനീഷ് പാണ്‌ഡെ, ഹനുമ വിഹാരി, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഒരു കോടി പ്രതിഫലം ലഭിക്കുന്ന സി കാറ്റഗറിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
വനിതാ ക്രിക്കറ്റര്‍മാരില്‍ എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ക്ക് ലഭിക്കുന്നത് അമ്പത് ലക്ഷം രൂപ മാത്രമാണ്. മിഥാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, പൂനം യാദവ് എന്നിവരാണ് ഈ കാറ്റഗറിയിലുള്ളത്. ഏക്ത ബിഷ്ട്, ജൂലന്‍ ഗോസ്വാമി, ശിഖ പാണ്‌ഡെ, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ് എന്നിവര്‍ 30 ലക്ഷം പ്രതിഫലം പറ്റുന്ന ബി കാറ്റഗറിയിലാണുള്ളത്.
Leave a Comment