മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം രാജശേഖരന്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു. തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചനകള്‍. രാഷ്ട്രപതി അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചു. അസം ഗവര്‍ണര്‍ ജഗദീഷ് മുഖിക്കാണ് മിസോറാമിന്റെ അധിക ചുമതല. ആര്‍എസ്എസ് കുമ്മനം മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ബിജെപി ദേശീയ നേതൃത്വവും ഇതിന് പച്ചക്കൊടി കാട്ടി.
തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ല എന്ന നിലപാടാണ് ആദ്യം മുതല്‍ തന്നെ ആര്‍എസ്എസ് നേതൃത്വം എടുത്ത നിലപാട്. തിരുവനന്തപുരത്തെ വോട്ടര്‍പട്ടികയിലെ കുമ്മനത്തിന്റെ പേര് സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് രാവിലെ തിരക്കുക കൂടി ചെയ്തത് ഇതിന്റെ ഭാഗമാണെന്നും പറയപ്പെടുന്നു.
നേരത്തെ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തുപുരത്ത് സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്തോ കൊല്ലത്തോ അദ്ദേഹം ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍, ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി പറഞ്ഞതോടെയാണ് വീണ്ടും കുമ്മനത്തിലേക്ക് തിരിഞ്ഞത്. പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയെന്നും അതിെ ന്റ തിരക്കിലാണെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
കുമ്മനം മത്സരിച്ചില്ലെങ്കില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കണമെന്നാണ് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ അഭിപ്രായം തേടിയെത്തിയ സംസ്ഥാന നേതാവിനോട് ജില്ലമണ്ഡലം ഭാരവാഹികള്‍ വെളിപ്പെടുത്തിയത്.
കൊല്ലത്ത് സുരേഷ് ഗോപിയുടേതടക്കം പലപേരുകള്‍ പ്രാദേശിക ഭാരവാഹികള്‍ സംസ്ഥാന നേതൃത്വത്തിനുമുന്നില്‍ വെച്ചിരുന്നു. എം.പി. എന്നതിനുപുറമേ കൊല്ലത്തുകാരന്‍ എന്ന പരിഗണനകൂടി സുരേഷ് ഗോപിക്ക് നേതാക്കള്‍ നല്‍കിയിരുന്നു.
Leave a Comment