മെസ്സി തിരിച്ചുവരുന്നു

ബ്യൂണസ് ഏറീസ്: ലോകകപ്പ് ഫുട്‌ബോളിനുശേഷം ലയണല്‍ മെസ്സി അര്‍ജന്റീന ദേശീയ ടീമില്‍ തിരിച്ചെത്തി. ലോകകപ്പില്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് ഏറ്റുവാങ്ങിയ തോല്‍വി കഴിഞ്ഞ് എട്ടു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ദേശീയ ടീമിലേയ്ക്കുള്ള മെസ്സിയുടെ തിരിച്ചുവരവ്.

വെനസ്വേല, മൊറോക്കോ എന്നിവയ്‌ക്കെതിരായ സൗഹൃദമത്സരങ്ങള്‍ക്കുള്ള ടീമിലാണ് മെസ്സിയെ താത്കാലിക പരിശീലകന്‍ ലയണല്‍ സ്‌കലോണി ഉള്‍പ്പെടുത്തിയത്. പാരിസ് സെന്റ് ജര്‍മനുവേണ്ടി കളിക്കുന്ന ഏഞ്ചല്‍ ഡി മരിയയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകകപ്പിനുശേഷം നടന്ന അര്‍ജന്റീനയുടെ ആറ് സൗഹൃദ മത്സരങ്ങളിലും മെസ്സി കളിച്ചിരുന്നില്ല. ഇതില്‍ നാല് മത്സരങ്ങളിലും അര്‍ജന്റീന വിജയിക്കുകയും ചെയ്തിരുന്നു. ഗ്വാട്ടിമാല, ഇറാഖ്, മെക്‌സിക്കോ (രണ്ടു തവണ) എന്നിവര്‍ക്കെതിരേയായിരുന്നു അര്‍ജന്റീനയുടെ ജയങ്ങള്‍. ജിദ്ദയില്‍ നടന്ന മത്സരത്തില്‍ പരമ്പരാഗത വൈരികളായ ബ്രസീലിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ അര്‍ജന്റീന കൊളംബിയയോട് ഗോള്‍രഹിത സമനില വഴങ്ങുകയും ചെയ്തു.

ജൂണ്‍ പതിനാലിന് ആരംഭിക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോളിന് മുന്നോടിയായാണ് 128 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടിയിട്ടുള്ള മെസ്സിയെ കോച്ച് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. മാര്‍ച്ച് 22ന് മാഡ്രിഡിലാണ് വെനസ്വേലയ്‌ക്കെതിരായ മത്സരം. 26ന് ടാന്‍ജിയറില്‍ മൊറോക്കോയെയും നേരിടും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7