ജമ്മു: ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ ഒരാളുടെ മരണത്തിനിടയാക്കിയ ഗ്രനേഡാക്രമണത്തിന് പിന്നില്‍ ഭീകര സംഘടനയാണെന്ന് പോലീസ്. രാവിലെയുണ്ടായ ഗ്രനേഡാക്രമണത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 17 കാരനായ ഉത്തര്‍ഖണ്ഡ് സ്വദേശി മുഹമ്മദ് ഷരീഖാണ് ചികിത്സയിലിരിക്കെ മരിച്ചത്. പുല്‍വാമയില്‍ രാജ്യം നടുങ്ങിയ ഭീകരാക്രമണം കഴിഞ്ഞ് മൂന്നാഴ്ച തികയുമ്പോഴാണ് ഈ സംഭവം.
ബസ് സ്റ്റാന്റില്‍ ഗ്രനേഡ് എറിഞ്ഞയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡി.ജി.പി ദില്‍ഭാഗ് സിങ് പറഞ്ഞു. യാസിര്‍ ഭട്ട് എന്നാണ് ഇയാളുടെ പേര്. കുറ്റം ഇയാള്‍ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. ഹിസ്ബുള്‍ ജില്ലാ കമാന്‍ഡറാണ് ആക്രമണം നടത്താന്‍ തന്നെ ചുമതലപ്പെടുത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞതായി ഡി.ജി.പി വ്യക്തമാക്കി.
ജമ്മു നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ബസ് സ്റ്റാന്‍ഡ് ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇയാള്‍ എറിഞ്ഞ ഗ്രനേഡ് നിര്‍ത്തിയിട്ടിരുന്ന ബസിന് അടിയില്‍ വീണാണ് പൊട്ടിയത്. രാവിലെ 11.30നായിരുന്നു സംഭവം. കവിഞ്ഞ മെയ്മാസം മുതല്‍ ഇത് മൂന്നാം തവണയാണ് തീവ്രവാദികള്‍ ഈ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് ഗ്രനേഡാക്രമണം നടത്തുന്നത്.
സംഭവം നടന്നയുടന്‍ പോലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിലെ ബാലക്കോട്ടിലെ ഭീകര കേന്ദ്രത്തില്‍ മിന്നലാക്രമണം നടത്തിയിരുന്നു.