കൊല്ലം: ചിതറയിലേത് രാഷ്ട്രീയ കൊലപാതകമാണെന്നും കോണ്‍ഗ്രസ് കൊലക്കത്തി താഴെവെയ്ക്കണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം. പ്രവര്‍ത്തകരെ കോണ്‍ഗ്രസ് വേട്ടയാടുകയാണെന്നും ചിതറയില്‍ കൊല്ലപ്പെട്ടത് സി.പി.എം. പ്രവര്‍ത്തകനും കൊന്നത് കോണ്‍ഗ്രസുകാരനുമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ വ്യക്തിതര്‍ക്കമാക്കുന്നതായും പെരിയ കൊലപാതകത്തിന് കോണ്‍ഗ്രസ് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞതായും കോടിയേരി ആരോപിച്ചു. കഴിഞ്ഞദിവസം കൊല്ലം ചിതറയില്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗമായ മുഹമ്മദ് ബഷീര്‍ കുത്തേറ്റ് മരിച്ചിരുന്നു. സമീപവാസിയായ ഷാജഹാന്‍ എന്നയാളാണ് ബഷീറിനെ കുത്തിക്കൊന്നത്. ബഷീര്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനുപിന്നാലെ ഷാജഹാന്‍ ബഷീറിനെ വീട്ടിലെത്തി കുത്തിയെന്നുമാണ് പോലീസ് അറിയിച്ചത്.
എന്നാല്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ ഇരട്ടപ്പേര് വിളിച്ചതിനാണ് ഷാജഹാന്‍ ബഷീറിനെ കുത്തിയതെന്നും ആരോപണമുണ്ട്. സംഭവം രാഷ്ട്രീയകൊലപാതകമാണെന്ന് സി.പി.എം. കഴിഞ്ഞദിവസം തന്നെ ആരോപണമുന്നയിച്ചിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ചിതറ പഞ്ചായത്തില്‍ സി.പി.എം. ഹര്‍ത്താല്‍ ആചരിക്കുകയാണ്.