സിഡ്‌നി: മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി തുടങ്ങുന്ന ലോകകപ്പ് ക്രിക്കറ്റില്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് സന്തോഷ വാര്‍ത്ത. കൈമുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായ മുന്‍ നായകന്‍ സ്റ്റീവ് സമ്തിത്ത് പരിശീലനം പുനരാരംഭിച്ചു. മാര്‍ച്ച് 23ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി സ്മിത്ത് കളിക്കാനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്ന വീഡിയോ സ്മിത്ത് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുറത്തുവിട്ടത്.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പന്തില്‍ കൃത്രിമത്വം കാട്ടിയതിനെത്തുടര്‍ന്ന് സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരുന്നു. സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷവും ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസവുമായിരുന്നു വിലക്ക്. വിലക്കിന് ശേഷം ബാന്‍ക്രോഫ്റ്റ് ആഭ്യന്തര ലീഗ് മത്സരങ്ങളില്‍ കളി പുനരാരംഭിച്ചപ്പോള്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലൂടെയായിരുന്നു വാര്‍ണറും സ്മിത്തും ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.
എന്നാല്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ഇരുവര്‍ക്കും പരിക്കേറ്റത് തിരിച്ചടിയായിരുന്നു. ഈ മാസം അവസാനം പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരിയില്‍ സ്മിത്തിനും വാര്‍ണര്‍ക്കും കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് കണക്കിലെടുത്ത് ഓസ്‌ട്രേലിയയുടെ പ്രധാന താരങ്ങള്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയെങ്കിലും രാജസ്ഥാന്റെയും ഹൈദരാബാദിന്റെയും പ്രധാന താരങ്ങളായ സ്മിത്തും വാര്‍ണറും ഐപിഎല്ലില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Leave a Comment