ഇന്ത്യയുടെ മിഗ് 21 വിമാനം തകര്‍ന്നു; പൈലറ്റിനെ കാണാനില്ല; സ്ഥിരീകരിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ബാലാകോട്ടെ ജയ്‌ഷെ ഭീകരക്യാംപിനു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാന്‍ വ്യോമസേനയെ ഉപയോഗിച്ച് ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിനു ശ്രമിച്ചെന്നും ഈ നീക്കം സേന തകര്‍ത്തെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്ക് വ്യോമസേനയുടെ ഒരു വിമാനം വെടിവച്ചിട്ടു. പാക്ക് ഭാഗത്താണ് ഈ വിമാനം വീണത്. പാക്ക് വിമാനങ്ങള്‍ തുരത്താനുള്ള നീക്കത്തിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനം തകര്‍ന്നു. പൈലറ്റിനെ കാണാനില്ലെന്നും രവീഷ് കുമാര്‍ അറിയിച്ചു. പൈലറ്റ് കസ്റ്റഡിയിലുണ്ടെന്നാണു പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച വസ്തുതകള്‍ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കാണാതായ പൈലറ്റ് ചെന്നൈ സ്വദേശിയാണെന്നാണു സൂചന.

രാവിലെയാണ് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് മൂന്നു പാക്ക് യുദ്ധവിമാനങ്ങള്‍ രജൗറി ജില്ലയിലെ നൗഷേറ സെക്ടറില്‍ പ്രവേശിച്ചത്. തൊട്ടുപിന്നാലെ തന്നെ ഇവയെ ഇന്ത്യന്‍ വ്യോമസേന തുരത്തി. വ്യോമാതിര്‍ത്തിയില്‍ പട്രോളിങ് നടത്തിയിരുന്ന വിമാനങ്ങളാണ് പാക്ക് വിമാനത്തെ തുരത്തിയത്. പാക്കിസ്ഥാന്റെ ഒരു എഫ്16 വിമാനം നൗഷേറയിലെ ലാം വാലിയില്‍വച്ച് ഇന്ത്യന്‍ സേന വെടിവച്ചിട്ടു. ഇതില്‍നിന്ന് ഒരാള്‍ പാരച്ച്യൂട്ടില്‍ രക്ഷപെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. വ്യോമാതിര്‍ത്തി കടന്ന പാക്ക് വിമാനം രജൗറിയില്‍ ബോംബിട്ടതായും എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്.

അതിനിടെ, പാക്ക് വ്യോമാതിര്‍ത്തി കടന്ന രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും ഒരു പൈലറ്റിനെ അറസ്റ്റു ചെയ്തുവെന്നും പാക്ക് സൈനിക മേജര്‍ ജനറല്‍ എ.ഗഫൂര്‍ അവകാശപ്പെട്ടു. ഒരു വിമാനം പാക്ക് അധീന കശ്മീരിലും മറ്റൊന്ന് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലും വീണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ തിരിച്ചടിച്ചതിനു പിന്നാലെ തന്നെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടങ്ങിയിരുന്നു. പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സേന വധിച്ചു. പാക്ക് ഭീകരകേന്ദ്രം ആക്രമിച്ചതോടെ അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി. ലേ, ജമ്മു, ശ്രീനഗര്‍, പഠാന്‍കോട്ട് വിമാനത്താവളങ്ങളില്‍ അതീവജാഗ്രത പുറപ്പെടുവിച്ചു. സുരക്ഷ കാരണങ്ങളാല്‍ ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യാത്രാവിമാനങ്ങള്‍ അടക്കമുള്ളവ ഇവിടെ തടഞ്ഞിരിക്കുകയാണ്. ഇവിടങ്ങള്‍ വ്യോമനിരോധന മേഖലയായി അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ചു. ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ക്ക് സുഗമമായി നീക്കം നടത്താനാണെന്നാണു വിശദീകരണം.

pathram:
Leave a Comment