പിരിച്ചുവിട്ട വരെ തിരിച്ചെടുക്കാനാവില്ലെന്ന് ഗതാഗത മന്ത്രി; സമരക്കാരില്‍ നാല് പേര്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി

സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം പെയ്യുന്ന എം പാനല്‍ കണ്ടക്ടര്‍മാര്‍ക്ക് കനത്ത തിരിച്ചടി. പിരിച്ചുവിട്ട വരെ നേരായ വഴിയില്‍ തിരിച്ചെടുക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ സമരക്കാരില്‍ നാല് പേര്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. സമരക്കാരും പൊലിസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയ്ക്ക് ശേഷം വലിയ പ്രതീക്ഷയിലായിരുന്ന സമരക്കാര്‍ക്ക് നിരാശ നല്‍കുന്നതാണ് ഗതാഗതമന്ത്രിയുടെ പ്രതികരണം. കോടതി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുമെന്ന് മന്ത്രി എന്ന നിലയില്‍ തനിക്ക് പറയാനാവില്ലെന്ന് എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. നിയമപരമായേ കാര്യങ്ങള്‍ ചെയ്യാനാവൂ. ഇക്കാര്യത്തില്‍ ലഭിച്ച നിയമോപദേശം എം പാനലുകാര്‍ക്ക് എതിരാണെന്നും തിരിച്ചെടുക്കാന്‍ വളഞ്ഞവഴി തേടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിനിടെ ഒപ്പമുണ്ടായിരുന്ന ശശി തരൂര്‍ സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ചു

മന്ത്രിയുടെ പ്രതികരണത്തോടെ നിരാശരായ നാല് സമരക്കാരാണ് മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. രണ്ട് വനിതകളെ ഉടന്‍ താഴെ ഇറക്കിയെങ്കിലും മറ്റ് രണ്ടു പേരെ അനുനയിപ്പിക്കാന്‍ ഫയര്‍ഫോഴ്‌സ് പ്രയാസപ്പെട്ടു. ഒരു മണിക്കൂറോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു.

pathram:
Leave a Comment