എന്തുകൊണ്ട് സുഖോയ്, ജാഗ്വാര്‍ വിമാനങ്ങള്‍ ഉപയോഗിച്ചില്ല..? എന്തുകൊണ്ട് ഗ്വാളിയോറില്‍നിന്ന് മിറാഷ് അയച്ചു..? കാരണം ഇതാണ്…

ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ ആക്രമണം നടത്താന്‍ വ്യോമസേനയുടെ എന്തുകൊണ്ടാണ് പഴയ മിറാഷ് ഉപയോഗിച്ചത്..? വ്യോമസേനയിലെ ഏറ്റവും ആധുനിക വിമാനമായ സുഖോയ്30 ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്..? മൂവായിരത്തിലധികം കിലോമീറ്റര്‍ ദൂരപരിധിയും വന്‍ ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള ശേഷിയുമുള്ള സുഖോയ് വിമാനങ്ങളെ ഇത്തരം ചെറിയ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഉപയോഗിക്കാറില്ല. കൈത്തോക്ക് ഉപയോഗിക്കേണ്ടിടത്ത് പീരങ്കി പ്രയോഗിക്കുന്നതു പോലെയാവും അത്. ബോംബിങ്ങിനു മാത്രം ഉപയോഗിക്കുന്ന ജാഗ്വാര്‍ യുദ്ധവിമാനമാണ് മറ്റൊരു സാധ്യത.

എന്നാല്‍, നൂറുകണക്കിന് കിലോമീറ്റര്‍ ശത്രുവിന്റെ വ്യോമമേഖലയിലേക്കു തുരന്നു കയറി ആക്രമിക്കാന്‍ കഴിവുള്ള വിമാനമാണ് ജാഗ്വാര്‍. ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്ന് വെറും 7080 കിലോമീറ്റര്‍ ഉള്ളിലുള്ള ബാലാക്കോട്ടില്‍ ആക്രമണം നടത്താന്‍ ജാഗ്വാറിന്റെ ആവശ്യമില്ല. മാത്രവുമല്ല, ജാഗ്വാറിന് സ്വയരക്ഷാശേഷി കുറവാണ്. ശത്രു പിന്തുടരുകയാണെങ്കില്‍ ജാഗ്വാറിന് ഇത്തരം ദൗത്യങ്ങളില്‍ ഫൈറ്റര്‍ വിമാനങ്ങളുടെ എസ്‌കോര്‍ട്ട് വേണ്ടിവരും.

മധ്യപ്രദേശിലെ ഗ്വാളിയറില്‍ നിന്ന് 12 മിറാഷ് 2000 മള്‍ട്ടിറോള്‍ സ്‌ട്രൈക്ക് വിമാനങ്ങള്‍. ആകാശത്തു വച്ചു തന്നെ അവയ്ക്ക് ഇന്ധനം നിറയ്ക്കാന്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍നിന്ന് പറന്നുപൊങ്ങിയ ഒരു ടാങ്കര്‍ (റീഫ്യൂവലിങ്) വിമാനം. ശത്രുവിമാനങ്ങളൊന്നും ചക്രവാളത്തിലെങ്ങുമില്ലെന്ന് ഉറപ്പുവരുത്താന്‍ പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ നിന്ന് പുറപ്പെട്ട ഒരു മുന്നറിയിപ്പ് വിമാനം. ഇത്രയുമായിരുന്നു ഇന്ത്യന്‍ വ്യോമസേന വിന്യസിച്ച വ്യോമശക്തി. കൂടാതെ പാക്കിസ്ഥാന്‍ തിരിച്ചടിച്ചാല്‍ നേരിടാന്‍ അതിര്‍ത്തിയിലെ എല്ലാ വ്യോമത്താവളങ്ങളിലും യുദ്ധവിമാനങ്ങളുടെയും മിസൈലുകളുടെയും റഡാറുകളുടെയും കാവല്‍.

അതിര്‍ത്തിക്കടുത്തുള്ള കശ്മീരിലെ അവന്തിപ്പുരിലും പഞ്ചാബിലെ പഠാന്‍കോട്ടും അമൃത്‌സറിലും വ്യോമസേനയുടെ താവളങ്ങളുണ്ടായിട്ടും എന്തുകൊണ്ട് മധ്യഇന്ത്യയിലെ ഗ്വാളിയറില്‍ നിന്ന് മിറാഷ് വിമാനങ്ങള്‍ അയച്ചു? അതിനും വ്യക്തമായ കാരണമുണ്ട്. പാക്കിസ്ഥാന്‍ ആക്രമിച്ചാല്‍ തടയാനുള്ള മിഗ് 21 ബിസ് വിമാനങ്ങളും ആകാശപ്പോരാട്ടമുണ്ടായാല്‍ ശത്രുവിമാനങ്ങളെയും അവരുടെ റഡാര്‍ സംവിധാനങ്ങളെയും തകര്‍ത്ത് ആകാശത്ത് മേല്‍ക്കൈ സ്ഥാപിക്കാനുള്ള മിഗ് 29 ഇന്റര്‍സൈപ്റ്റര്‍ വിമാനങ്ങളുമാണ് അതിര്‍ത്തിക്കടുത്തുള്ള വ്യോമത്താവളങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. അവയിലെ ആയുധങ്ങള്‍ പ്രധാനമായും ആകാശപ്പോരാട്ടത്തിനുള്ള മിസൈലുകളും മറ്റുമാണ്. ഭൂമിയിലേക്കു പ്രഹരിക്കാനുള്ള ബോംബുകളല്ല.

ഗ്വാളിയോറില്‍ നിന്ന് പ്രഹര വിമാനങ്ങള്‍ അയച്ചതിന് മറ്റൊരു കാരണവുമുണ്ട്. പ്രഹര ദൗത്യത്തിനു പോകുമ്പോള്‍ ശത്രുറഡാറുകളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ താഴ്ന്നുപറക്കണം. പറന്നു പൊങ്ങുമ്പോള്‍ ആദ്യം വിമാനങ്ങള്‍ ഉയരത്തിലേക്കു പോയ ശേഷമേ താഴേയ്ക്ക് വരികയുള്ളു. അതിര്‍ത്തിക്കടുത്തു നിന്ന് ഉയരത്തിലേക്കു പൊങ്ങിയാല്‍ ശത്രു റഡാറുകള്‍ കണ്ടുപിടിക്കും. അതിനാല്‍ ഗ്വാളിയറില്‍ നിന്ന് ഉയരത്തിലേക്കു പൊങ്ങി അതിര്‍ത്തി അടുക്കാറായപ്പോള്‍ താഴ്ന്നു പറന്നാവും മിറാഷ് വിമാനങ്ങള്‍ പാക്ക് വ്യോമമേഖലയിലേക്ക് കയറിയത്.

12 മിറാഷ് വിമാനങ്ങളും ഒരുമിച്ച് പറന്നുകയറി പ്രഹരിക്കുകയുമായിരുന്നില്ല എന്നാണറിയുന്നത്. രണ്ടും മൂന്നും വിമാനങ്ങളുടെ ചെറിയ സംഘങ്ങളായി പലദിശകളിലൂടെയാണ് അവ ലക്ഷ്യത്തിലേക്ക് കുതിച്ചത്. അതായത് ബാലാക്കോട്ടിന്റെ കിഴക്കുനിന്നും വടക്കുനിന്നും തെക്കുനിന്നുമൊക്കെയാണ് ഇന്ത്യന്‍ മിറാഷുകള്‍ എത്തിയത്. ഈ രീതിയിലുള്ള ആക്രമണത്തെ മള്‍ട്ടിഡയറക്ഷനല്‍ സാചുറേഷന്‍ സ്‌ട്രൈക്ക് എന്നാണ് സൈനിക ഭാഷയില്‍ പറയുന്നത്. 12 വിമാനങ്ങള്‍ ഹൂങ്കാര ശബ്ദത്തോടെ ഒരുമിച്ച് ഒരേ ദിശയില്‍ നിന്ന് പാക്ക് ആകാശത്തേക്ക് ഒരുമിച്ചു കയറിയിരുന്നെങ്കില്‍ പെട്ടെന്നു ശത്രുറഡാറുകള്‍ കണ്ടുപിടിക്കുമായിരുന്നു.

അതോടെ പ്രതിരോധിക്കാന്‍ അവര്‍ക്ക് എളുപ്പവുമാകുമായിരുന്നു. എല്ലാ പ്രതിരോധ നടപടികളും മിസൈലുകള്‍ തൊടുക്കുന്നതും പ്രതിരോധവിമാനങ്ങളെ അയയ്ക്കുന്നതും ഒരു ദിശയിലേക്കു മതിയല്ലോ. പല ദിശയില്‍ നിന്ന് ആക്രമിച്ചതാണ് ശത്രുവിനെ കുഴക്കിയതെന്നാണ് വ്യോമസേനാ ആസ്ഥാനത്തെ അനുമാനം. പുല്‍വാമ ആക്രമണത്തിനു ശേഷം ഇന്ത്യയുടെ തിരിച്ചടി പാക്കിസ്ഥാന്‍ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ പാക്ക് അധിനിവേശ കശ്മീരിലായിരിക്കും ആക്രമണം എന്നാണ് അവര്‍ കരുതിയത് പക്ഷേ, പാക്കിസ്ഥാനില്‍ തന്നെ തിരിച്ചടിച്ചതിലൂടെ വേണ്ടിവന്നാല്‍ പോരാട്ടത്തിനു മടിയില്ലെന്ന സന്ദേശം കൂടിയാണ് ഇന്ത്യ നല്‍കിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7