കോട്ടയത്ത് നിഷ ജോസ് കെ. മാണി മത്സരിക്കും

ജോസ് കെ. മാണിയുടെ ഭാര്യ നിഷയെ കോട്ടയം സീറ്റില്‍ മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം സജീവമാക്കി. കോട്ടയം സീറ്റില്‍ ജോസഫ് വിഭാഗം പാര്‍ട്ടിവിട്ട് പോകണമെന്ന കടുത്ത നിലപാടിലേക്ക് മാണി വിഭാഗവും എത്തിയതായാണ് സൂചന. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി നിര്‍ത്തുന്നതിലൂടെ കോട്ടയം സീറ്റ് പിടിക്കാനുള്ള ജോസഫിന്റെ ശ്രമങ്ങള്‍ പാഴ് വേലയാണെന്ന സന്ദേശമാണ് മാണി ഗ്രൂപ്പ് നല്‍കുന്നത്.

ജോസഫിനെ വെല്ലുന്ന സ്ഥാനാര്‍ത്ഥിയെ സ്വന്തം പാളയത്തില്‍ നിന്ന് കണ്ടെത്താനാണ് ഇപ്പോള്‍ മാണിയുടെ ശ്രമം. മരുമകള്‍ നിഷയിലാണ് ചര്‍ച്ചകള്‍ ഒടുവില്‍ എത്തി നില്‍ക്കുന്നത്. മുന്‍ എംഎല്‍എമാരായ മുതിര്‍ന്ന നേതാക്കളെയാണ് മാണി ആദ്യഘട്ടത്തില്‍ കോട്ടയം സീറ്റിലേക്ക് പരിഗണിച്ചത്. പലരും പ്രചാരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തു.

പി.ജെ. ജോസഫ് കോട്ടയം സീറ്റിനായി പിടിമുറിക്കിയതോടെയാണ് കാര്യങ്ങള്‍ ഇങ്ങനെയായത്. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന് ഘടകകക്ഷികളും ശാഠ്യംപിടിച്ചതോടെ മാണി സമ്മര്‍ദത്തിലായി. തുടര്‍ന്നാണ് കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള തീരുമാനം. കോട്ടയം സീറ്റ് വിട്ടു നല്‍കി ജോസഫുമായി ഒത്തുതീര്‍പ്പിനേക്കാള്‍ നല്ലത് പിളര്‍പ്പാണെന്ന നിലപാടിലും മാണി ക്യാംപ് എത്തി. ഇതോടെ കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കേണ്ടത് മുന്നണിയുടെ ഉത്തരവാദിത്വമായി.

കോട്ടയത്തെ സ്ഥാനാര്‍ത്ഥി മാണിയുടെ കുടുംബത്തില്‍ നിന്നാകുമെന്ന് ജോസഫും കൂട്ടരും നേരത്തെ തിരിച്ചറിഞ്ഞു. കെ.എം.മാണി സെന്റര്‍ ഫോര്‍ ബജറ്റ് റിസര്‍ച്ചിന് രൂപം നല്‍കി ചെയര്‍പേഴ്‌സനായി നിഷയെ കഴിഞ്ഞ ദിവസം നിയമിച്ചതും ഈ അജണ്ടയുടെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടുന്നു. ജോസഫ് ഗ്രൂപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നിഷയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാണിഗ്രൂപ്പ് ആദ്യം പിന്‍മാറിയത്.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് യുഡിഎഫ് തന്നെ പരിഹാരം കാണണമെന്നാണ് ജോസഫ് വിഭാഗത്തിന്റെയും ആവശ്യം. കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ച ചൊവ്വാഴ്ച്ച നടത്തും.

Similar Articles

Comments

Advertismentspot_img

Most Popular