തിരുവനന്തപുരം: ആയിരം ദിവസം പിന്നിട്ട പിണറായി സര്‍ക്കാര്‍ ഒരാഴ്ച നീളുന്ന ആഘോഷം നടത്താന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ആയിരം പുതിയ പദ്ധതികളും പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ ആയിരം ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്.
ഒമ്പതരക്കോടി രൂപ മുടക്കിയാണ് സര്‍ക്കാര്‍ ആഘോഷങ്ങള്‍ നടത്തുന്നത്. പറഞ്ഞതെല്ലാം ചെയ്തുനിറഞ്ഞു ഇനി നവ കേരള നിര്‍മാണം എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ആയിരം ദിനം ആഘോഷിക്കുന്നത്. എല്ലാ ജില്ലകളിലും എക്സിബിഷന്‍ സെമിനാറുകള്‍ എന്നിങ്ങനെയാണ് പരിപാടികള്‍. നിയമസഭയില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച കണക്ക് പ്രകാരംം 9.54 കോടി രൂപയാണ് ചെലവാക്കുന്നത്.
സാമൂഹ്യസുരക്ഷാ രംഗത്തെ ഇടപെടലുകളും ദേശീയപാതക്കുള്ള സ്ഥലമേറ്റെടുക്കലും ഗെയില്‍പൈപ്പ് ലൈന്‍ നിര്‍മ്മാണ പുരോഗതിയും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. പക്ഷേ ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടി തന്നെ കൊലപാതക രാഷ്ട്രീയത്തില്‍ പ്രതികളായിരിക്കുന്നതിനാല്‍ സര്‍ക്കാരിന്റേ നേട്ടങ്ങളേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അക്രമ രാഷ്ട്രീയം തന്നെയാണ്.
സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം 42ലക്ഷത്തില്‍ നിന്ന് 51 ലക്ഷമായി, ഹൈടെക്കായ പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ ഒഴുകിയെത്തി,ആശുപത്രികളിലെ സൗകര്യങ്ങള്‍ ഉയര്‍ന്നതും ടീം പിണറായിയുടെ നേട്ടങ്ങളായി. ഇഴഞ്ഞു നീങ്ങിയ ഗെയില്‍ പദ്ധതി ലക്ഷ്യത്തിലേക്കെത്തുന്നതും ദേശീയ പാതദേശീയ ജലപാത തുടങ്ങി അടിസ്ഥാന സൗകര്യ വികസന രംഗത്തെ മുന്നേറ്റവുമെല്ലാം സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടുത്താം. ഭരണ നേട്ടങ്ങള്‍ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേയ്സ്ബുക്കിലൂടെ ഒരു വീഡിയോ പുറത്തുവിട്ടു.
മഹാപ്രളയത്തിലെ രക്ഷാപ്രവര്‍ത്തനം കയ്യടിനേടിയെങ്കിലും പുനര്‍നിര്‍മ്മാണവും പുനരധിവാസവും ഇനിയും ശരിയായിട്ടില്ല. കൊട്ടിഘോഷിച്ച ലൈഫ് മിഷന്‍ പദ്ധതി ഇതുവരെ യാഥാര്‍ത്ഥ്യമായില്ല. കൂടാതെ മന്ത്രിസഭാംഗങ്ങള്‍ക്ക് നേരെയുള്ള ആരോപണങ്ങളും സര്‍ക്കാരിനെ പിന്നോട്ടടിച്ചു. കാസര്‍ക്കോട്ടെ അരുംകൊലയുടെ ഞെട്ടലിലാണ് സര്‍ക്കാറിന്റെ ആയിരംദിനാഘോഷം, പേരിയയയിലെ ഇരട്ടക്കൊലയടക്കം ഈ സര്‍ക്കാറിന്റെ കാലത്തെ രാഷ്ട്രീയക്കൊലപാതകങ്ങള്‍ ആകെ 21 എണ്ണമാണ്.