വെള്ളാപ്പള്ളി പറഞ്ഞു; തുഷാര്‍ അനുസരിച്ചു

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റ സമ്മര്‍ദ്ദം തന്നെ ഒടുവില്‍ വിജയിച്ചു. ആദ്യമായി മത്സര രംഗത്തേക്ക് ഇറങ്ങുന്ന ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. എന്‍ഡിഎ കണ്‍വീനറായതിനാല്‍ മത്സരിക്കുന്നില്ല എന്നാണ് തുഷാറിന്റെ ന്യായീകരണം. അതേസമയം തുഷാറും എസ്എന്‍ഡിപി നേതാക്കളും മത്സരിക്കരുതെന്ന് നേരത്തേ വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു.

തുഷാര്‍ മത്സരിക്കാന്‍ ഇറങ്ങണമെന്ന് ബിജെപി ദേശീയനേതാക്കള്‍ പോലും ആവശ്യപ്പെട്ടിരുന്നു. തുഷാര്‍ മത്സരിക്കുമെന്ന സൂചനയില്‍ തൃശൂരോ ആലപ്പുഴയോ നല്‍കാന്‍ ബിജെപി തയ്യാറുമായിരുന്നു. ഇതിനിടയിലായിരുന്നു ബിഡിജെഎസിനെ തള്ളി വെള്ളാപ്പള്ളി രംഗത്ത് വന്നത്. എസ്എന്‍ഡിപി യോഗത്തിന്റെ ഭാഗമല്ല ബിഡിജെഎസ് എന്ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി എസ്എന്‍ഡിപി നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

ഇതോടെയാണ് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും തുഷാര്‍ പിന്നോക്കും പോയതെന്നാണ് സൂചനകള്‍. താന്‍ മത്സരിക്കാനില്ലെന്ന വിവരം തുഷാര്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. രാജകുടുംബാംഗങ്ങള്‍ മുതല്‍ സിനിമാനടന്മാര്‍ വരെയുള്ള സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് നല്‍കിയത്. ബിഡിജെഎസുമായി ബിജെപി സീറ്റുധാരണ വരെ ഉണ്ടാക്കി നില്‍ക്കുകയായിരുന്നു. ആറ് സീറ്റുകള്‍ ബിഡിജെഎസിനു നല്‍കാനാണ് ധാരണയായത്്.

ബിജെപി ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. തൃശൂരില്‍ ബിഡിജെഎസ് മത്സരിച്ചില്ലെങ്കില്‍ എ എന്‍ രാധാകൃഷ്ണനോ കെ സുരേന്ദ്രനോ ആകും മത്സരിക്കുക. നേരത്തേ ബിജെപിയ്ക്കെതിരേ വെള്ളാപ്പള്ളി രംഗത്തു വന്നിരുന്നു. ബിജെപി കേരളത്തില്‍ പച്ച പിടിക്കില്ലെന്നായിരന്നു ആക്ഷേപം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വെള്ളാപ്പള്ളിയുടെ ഈ കടകം ബിജെപിയെ ബുദ്ധിമുട്ടിക്കുന്നത് ചില്ലറയല്ല. തുഷാറിനെ നിര്‍ത്തി വെള്ളാപ്പള്ളിയുടെ വായ കെട്ടാമെന്നായിരുന്നു ബിജെപി കണക്കുകൂട്ടല്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7