ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയാറായി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ഒരു മണ്ഡലത്തില്‍ മൂന്ന് ആളുകളുടെ പേരാണ് പട്ടികയിലുള്ളത്. തിരുവനന്തപുരത്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെയും രാജ്യസഭാ എംപി സുരേഷ് ഗോപിയുടേയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ആറ്റിങ്ങലില്‍ പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍. തൃശൂരില്‍ കെ.സുരേന്ദ്രനും എ.എന്‍.രാധാകൃഷ്ണനും. പത്തനംതിട്ടയില്‍ എം.ടി.രമേശിന്റേയും പേരുണ്ട്. ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും മത്സരിക്കാനുള്ള സാധ്യതയുണ്ട്. അതേ സമയം തൃശൂര്‍ സീറ്റിന് ബിഡിജെഎസ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇവിടെ തുഷാര്‍ വെള്ളപ്പാള്ളി മത്സരിക്കുകയാണെങ്കില്‍ മാത്രമെ സീറ്റ് വിട്ട് നല്‍കൂവെന്നാണ് ബിജെപിയുടെ വാദം.

എന്നാല്‍ ബിഡിജെഎസ് അടക്കമുള്ള എന്‍ഡിഎ ഘടകകക്ഷികളുമായി സീറ്റ് ധാരണയായിട്ടുണ്ടെന്ന് പി.എസ്.ശ്രീധരന്‍ പിള്ള തൃശൂരില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയ്യാറായിട്ടില്ലെങ്കിലും സംസ്ഥാന നേതൃത്വം നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് അയച്ച് കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥികളെ സംബന്ധിച്ച മുഴുവന്‍ തീരുമാനങ്ങളും എടുക്കുന്നത് കേന്ദ്ര നേതൃത്വമാണ്. അവര്‍ക്ക് സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിന് പ്രത്യേക സംവിധാനമുണ്ട്.

ബിജെപിക്കുള്ളില്‍ തര്‍ക്കമുണ്ടെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ഞങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ആ ശ്രമം വിജയിക്കാന്‍ പോകുന്നില്ല. തൃശൂരില്‍ നടന്ന കോര്‍കമ്മിറ്റിയില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. പാര്‍ട്ടിയില്‍ തര്‍ക്കമുണ്ടെന്ന വാര്‍ത്ത തെറ്റാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7