പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ പ്രതിഷേധം ഉണ്ടാക്കുമെന്ന് ശബരിമല കര്‍മ്മ സമിതി രംഗത്തെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ സുരക്ഷാ സംവിധാനമാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. നിരോധനാജ്ഞ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകുന്നേരം 5 മണിക്കാണ് നട തുറക്കുക.
സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇത്തവണയും ഉണ്ടാകാനിടയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്. ഇതേ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കലക്ടര്‍ക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 17 ന് നട അടക്കുന്നത് വരെ നാല് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
സന്നിധാനം, പമ്പ, നിലക്കല്‍, എന്നീ മൂന്ന് കേന്ദ്രങ്ങളിലും ഓരോ എസ്പിമാര്‍ക്കാണ് സുരക്ഷാ ചുമതല. സന്നിധാനത്ത് വി അജിത്ത്, പമ്പയില്‍ എച്ച് മഞ്ചുനാഥ്, നിലക്കലില്‍ പി കെ മധു എന്നിവരുടെ കീഴിലാണ് സുരക്ഷ ഉറപ്പ് വരുത്തിയിരിക്കുന്നത്. 2000ത്തോളം പൊലീസ് സേനാംഗങ്ങളും സുരക്ഷക്കുണ്ട്. നവോത്ഥാന കേരളം ശബരിമലക്ക് എന്ന സമൂഹ മാധ്യമ കൂട്ടായ്മ കുംഭമാസ പൂജക്ക് ശബരിമലക്ക് പോകാന്‍ യുവതികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
നേരത്തെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ യുവതികളും ഇത്തവണ എത്താന്‍ ഇടയുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതു കൂടെ കണക്കിലെടുത്ത് പ്രതിഷേധം ശക്തമാക്കാനാണ് സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം. ദേവസ്വം ബോര്‍ഡ് കേസില്‍ എടുത്ത നിലപാട് മാറ്റവും പ്രതിഷേധത്തിന് ശക്തികൂട്ടും. ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ കോടതി വിധി വരുന്നത് വരെ വിഷയം സജീവമായി നിര്‍ത്താന്‍ പരിവാര്‍ സംഘടനകള്‍ തയ്യാറെടുക്കുമ്പോള്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടും നിര്‍ണായകമാവും.