ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുത്തലാഖ് നിയമം റദ്ദാക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും എം.പിയുമായ സുഷ്മിത ദേവ്. കോണ്‍ഗ്രസ് മാത്രമാണ് ഈ നിയമത്തെ എതിര്‍ത്തതെന്നും അധികാരത്തില്‍ വന്നാല്‍ നിയമം എടുത്തുകളയുമെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ എ.ഐ.സി.സി. ന്യൂനപക്ഷ വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു എം.പിയുടെ പ്രഖ്യാപനം.
മുത്തലാഖ് നിയമം വന്നതോടെ സ്ത്രീശാക്തീകരണം നടക്കുമെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഈ നിയമം മുസ്ലീം പുരുഷന്മാരെ ജയിലിടയ്ക്കാനുള്ള നരേന്ദ്രമോദിയുടെ ആയുധമാണ്. കോണ്‍ഗ്രസ് മാത്രമാണ് ഈ നിയമത്തെ എതിര്‍ത്തത്. 2019ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഈ നിയമം റദ്ദാക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് വാക്കുതരുന്നു സുഷ്മിത ദേവ് പറഞ്ഞു.
അതിനിടെ, സുഷ്മിത ദേവിന്റെ പരാമര്‍ശത്തിനെതിരേ ബി.ജെ.പി രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവിന്റേത് എന്ത് മാനസികാവസ്ഥയാണെന്നും ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്നും ബി.ജെ.പി. വക്താവ് സംബിത് പത്ര പ്രതികരിച്ചു. മുസ്ലീം സമൂഹത്തിലെ സ്ത്രീകളും രാജ്യത്തെ ജനങ്ങളും കോണ്‍ഗ്രസിനോട് പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രസ്താവന ചര്‍ച്ചയായെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാരും സംഭവത്തില്‍ പ്രതികരിച്ചില്ല.