ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ആദായനികുതി നിയമത്തിലെ 139 എഎ വകുപ്പിലുള്ള ചട്ടങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി.
ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശം. 2018 ഫെബ്രുവരിയില്‍ ശ്രേയ സെന്‍, ജയശ്രീ സത്പുതെ എന്നിവരടക്കമുള്ള ഒരു സംഘം ഹര്‍ജിക്കാര്‍ക്ക് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാതെയും ആദായനികുതി റിട്ടേണ്‍ നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡുമായി പാന്‍ ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധിക്കരുതെന്നും ഡല്‍ഹി ഹൈക്കോടതി ആദായനികുതി വകുപ്പിന് അന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയായിരുന്നു കേന്ദ്രത്തിന്റെ അപ്പീല്‍.
ആധാറുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പഴയ ഉത്തരവെന്നും, ആധാറുമായി ബന്ധപ്പെട്ട ഭരണഘടനാ ബഞ്ചിന്റെ ഉത്തരവില്‍ ആദായനികുതി നിയമത്തിലെ 139 എഎ വകുപ്പിലുള്ള ചട്ടങ്ങള്‍ ശരി വച്ചിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.